

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിൽ കാണപ്പെടുന്ന വന്യമൃഗങ്ങളെ പിന്തുടരുന്നതും അവയുടെ ദൃശ്യങ്ങൾ പകർത്തുന്നതും നിയമവിരുദ്ധമാണെന്ന മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. വന്യജീവികൾക്കും പ്രകൃതിക്കും കനത്ത ആഘാതമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി ചില സോഷ്യൽ മീഡിയ ഉള്ളടക്ക നിർമ്മാതാക്കൾ (Content Creators) ഓൺലൈൻ വീഡിയോകൾക്കായി വന്യമൃഗങ്ങളെ തുരത്തുന്നതും അവയുടെ സ്വൈര്യവിഹാരം തടസ്സപ്പെടുത്തി ചിത്രീകരണങ്ങൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. ഇത്തരം പ്രവൃത്തികൾ തികച്ചും നിരുത്തരവാദപരമാണെന്നും വന്യജീവികളുടെ സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യരുടെ ഇത്തരം ഇടപെടലുകൾ വന്യമൃഗങ്ങളിൽ കടുത്ത ഭയവും സമ്മർദ്ദവും ഉണ്ടാക്കും. ഇത് അവയുടെ സ്വാഭാവിക പെരുമാറ്റത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, മൃഗങ്ങളെ പിന്തുടരുന്നത് വന്യജീവികൾക്കും മനുഷ്യർക്കും ഒരുപോലെ അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമായേക്കാം. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെത്തന്നെ തകിടം മറിക്കുന്ന രീതിയിലുള്ള അസ്വസ്ഥതകളാണ് വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കുന്നത്. വന്യജീവികളുമായി ഇടപഴകുമ്പോൾ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കാൻ പൊതുജനങ്ങൾ ബാധ്യസ്ഥരാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാൻ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് അതോറിറ്റി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളും. ഒമാന്റെ തനതായ വന്യജീവി സമ്പത്തും പ്രകൃതിഭംഗിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ദോഫാറിൽ പ്രകൃതിഭംഗി തുളുമ്പുന്ന വാർഷിക 'ഖരീഫ്' സീസൺ ആസ്വദിക്കാൻ വൻതോതിൽ സഞ്ചാരികൾ എത്തുന്ന സമയമാണിത്. ഈ സാഹചര്യത്തിൽ, ധോഫാറിലെത്തുന്ന എല്ലാ സന്ദർശകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വന്യജീവി സംരക്ഷണ ചട്ടങ്ങളെ മാനിക്കണമെന്നും ഒമാൻ പരിസ്ഥിതി അതോറിറ്റി അഭ്യർത്ഥിച്ചു.
Content Highlights: Oman’s Environment Authority has issued a warning against taking photographs of wild animals in Dhofar without approval. The move aims to protect wildlife and ensure responsible tourism practices in the region.