രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; കുറ്റവാളികള്‍ പല സത്യങ്ങളും വിളിച്ചു പറയുമെന്ന ഭയമാണ് മോദിക്ക്: ജയറാം രമേശ്

രാമക്ഷേത്രത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഓരോ ദിവസവും പുറത്തുവരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം

രാമക്ഷേത്ര സംഭാവനാ ക്രമക്കേട്; കുറ്റവാളികള്‍ പല സത്യങ്ങളും വിളിച്ചു പറയുമെന്ന ഭയമാണ് മോദിക്ക്: ജയറാം രമേശ്
dot image

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയില്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഓരോ ദിവസവും പുറത്തുവരുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വന്‍കിട സ്രാവുകളെയും യഥാര്‍ത്ഥ കുറ്റവാളികളെയും സംരക്ഷിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചമ്പത് റായി അടക്കമുള്ളവര്‍ പല സത്യങ്ങളും വിളിച്ചുപറയും എന്ന ഭയമാണ് മോദിക്കെന്നും ജയറാം രമേശിന്റെ ആരോപണമുണ്ടായി.

കഴിഞ്ഞ ദിവസം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കെ സി വേണുഗോപാല്‍ എംപിയും രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ട് നിയമിച്ച ട്രസ്റ്റാണ് അവിടെ ഉള്ളത്. എന്നാല്‍ ഇത്രയും വലിയ കൊള്ള നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കുറ്റവാളികളെ സംരക്ഷിക്കാനുള്ള ഒത്താശയാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയും മിണ്ടുന്നില്ല. വിശ്വാസത്തിനെതിരായ കടന്നാക്രമണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയരാന്‍ പോകുന്നതും അയോധ്യ കൊള്ളയില്‍ ആയിരിക്കുമെന്നും സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്ന ഒരു അന്വേഷണം കൊണ്ട് മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വിഷയത്തില്‍ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അതിനിടെ അയോധ്യ രാമക്ഷേത്ര കൊള്ളയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ജൂണ്‍ 5 വരെയുള്ള സിസിടിവി ദൃശ്യങ്ങളില്‍ എഴുപത് തവണ പ്രതികള്‍ പണമടക്കം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 27ന് മുമ്പുള്ള ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ എസ്ഐടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ചമ്പത് റായിയും അനില്‍ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ആരുമറിയാതെ എങ്ങനെയാണ് മോഷ്ടാക്കള്‍ തട്ടിപ്പ് നടത്തിയത് എന്നതിന്റെ വ്യക്തമായ വിവരമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

Content Highlights: Congress has intensified its attack on the Centre over the Ayodhya Ram Temple donation controversy. AICC General Secretary Jairam Ramesh questioned Prime Minister Narendra Modi's silence and alleged that the governments were shielding key accused, while accusing the BJP of politicising the Ram Temple issue.

dot image
To advertise here,contact us
dot image