പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഒമാനിലെത്തി ചര്‍ച്ച നടത്തി അബ്ബാസ് അരഗ്ചി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും സ്ഥിരതയും ഒമാന്‍ വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഭാഗമായെന്ന് റിപ്പോര്‍ട്ട്

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഒമാനിലെത്തി ചര്‍ച്ച നടത്തി അബ്ബാസ് അരഗ്ചി
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഒമാനില്‍ സന്ദര്‍ശനം നടത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അബ്ബാസ് അരഗ്ചി ഇന്ന് മസ്‌കറ്റിലെത്തിയതെന്ന് ടാസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇറാനും ഒമാനും തമ്മിലുള്ള നിലവിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നടത്താനാണ് അബ്ബാസ് അരഗ്ചി ഒമാനിലെത്തിയതെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായില്‍ ബാഗേയിയെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും സ്ഥിരതയും ഒമാന്‍ വിദേശകാര്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഭാഗമായെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ച് ചര്‍ച്ച നടത്താന്‍ സൗദി കിരീടാവകാശിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിളിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങള്‍, പ്രദേശിക മാറ്റങ്ങള്‍, യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് വിളിച്ചത്. വെള്ളിയാഴ്ചയാണ് ട്രംപ് സൗദി കിരീടാവകാശിയുമായി ഫോണ്‍കോള്‍ വഴി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും നിരവധി മേഖലകളില്‍ കുടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ പ്രാദേശികമായ പുരോഗതികളെക്കുറിച്ചും അന്താരാഷ്ട്ര പുരോഗതിയെക്കുറിച്ചും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു. യുഎസ് ഇറാന്‍ സംഘര്‍ഷ വിഷയത്തെക്കുറിച്ചും ഇരുവരും ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അന്തര്‍ദേശീയ കപ്പല്‍ പാതകളുടെ സുരക്ഷയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കൂടാതെ ഇവിടങ്ങളില്‍ ഉറപ്പുവരുത്തേണ്ട സുരക്ഷയെക്കുറിച്ചും വ്യക്തമാക്കി.

ബുധനാഴ്ച അതിശക്തമായ വ്യോമാക്രമണമാണ് ഇറാനില്‍ അമേരിക്ക നടത്തിയത്. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ബുഷെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തെക്കുകിഴക്കന്‍ നഗരമായ കോണറാക്കിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാന്‍ഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികില്‍ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Amid escalating tensions in West Asia, Iranian Foreign Minister Abbas Araghchi visited Oman for high-level diplomatic talks

dot image
To advertise here,contact us
dot image