ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും; ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ

ഔദ്യോഗിക ചർച്ചകൾക്ക് ശേഷം മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് പ്രവാസി വ്യവസായികൾ അടക്കമുള്ള ഇന്ത്യൻ സമൂഹവുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കും; ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ് ജയശങ്കർ
dot image

​ഗൾഫ് സന്ദർശനത്തിൻ്റെ ഭാ​ഗമായി ഒമാനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ലോജിസ്റ്റിക്‌സ്, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിലുള്ള സഹകരണം വികസിപ്പിക്കുന്നതിലായിരുന്നു ചർച്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധങ്ങൾ അവലോകനം ചെയ്ത മന്ത്രിമാർ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വഴികൾ പരിശോധിച്ചു. സാമ്പത്തിക താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനും പുതിയ അവസരങ്ങൾ മുതലെടുക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. ഉയർന്ന നിലവാരമുള്ള പങ്കാളിത്തങ്ങളും പരസ്പര നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.

മേഖലാ സുരക്ഷയും ആഗോള വ്യാപാരത്തെ ബാധിക്കുന്ന അന്താരാഷ്ട്ര സംഭവവികാസങ്ങളും ചർച്ചയിൽ പ്രമുഖ വിഷയങ്ങളായി വന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തെയും സമുദ്ര ഗതാഗതത്തെയും ബാധിക്കുന്ന നിലവിലെ സാഹചര്യങ്ങൾ അവർ വിലയിരുത്തി. ഇത് അന്താരാഷ്ട്ര വ്യാപാരം, ഊർജ്ജ വിതരണം, ആഗോള വിതരണ ശൃംഖലകൾ എന്നിവയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും മന്ത്രിമാർ പരസ്പരം പങ്കുവെച്ചു.

Also Read:

ഔദ്യോഗിക ചർച്ചകൾക്ക് ശേഷം മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ച് പ്രവാസി വ്യവസായികൾ അടക്കമുള്ള ഇന്ത്യൻ സമൂഹവുമായി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിൽ ഒമാനിലെ ഇന്ത്യൻ സമൂഹം വഹിക്കുന്ന ഊർജ്ജസ്വലമായ പങ്കിനെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പ്രവാസികളുടെ ആവേശം വ്യക്തമായി പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാന്റെ വികസനത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും പ്രവാസി മലയാളി സമൂഹമടക്കമുള്ള ഇന്ത്യൻ വംശജർ നൽകിയ വൈവിധ്യമാർന്ന സംഭാവനകൾക്ക് ഡോ. എസ്. ജയശങ്കർ നന്ദി പ്രകടിപ്പിച്ചു. പ്രവാസികളുടെ തുടർച്ചയായ ശ്രമങ്ങൾ പ്രാദേശിക സമൂഹത്തിന് വലിയ രീതിയിൽ പ്രയോജനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: External Affairs Minister Dr. S Jaishankar held talks with Oman’s Foreign Minister to further strengthen India-Oman bilateral relations. The meeting focused on enhancing cooperation and deepening ties between the two nations.

dot image
To advertise here,contact us
dot image