

കൊച്ചി: സമീപകാലത്ത് സ്വർണവിലയിലുണ്ടായ ഇടിവ് സ്വർണപ്രേമികളായ മലയാളികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി അടുത്ത ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് മെയ് 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിലുണ്ടായ വൻ വിലയിടിവാണ് കേരളത്തിലും സ്വർണവില കുറയാൻ കാരണമായത്. മെയ് മാസം ഏറെ ഉയരത്തിലായിരുന്ന സ്വർണവിലയിൽ, കഴിഞ്ഞ ഒന്നര മാസത്തിനിടെ പവന് പതിനായിരത്തിലധികം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
മെയ് മാസം പവന് ഏകദേശം 1,12,000 രൂപയ്ക്ക് മുകളിലായിരുന്നു വില. എന്നാൽ ജൂൺ അവസാനമായപ്പോഴേക്കും വില 1,05,000 രൂപയ്ക്ക് താഴേക്ക് പതിച്ചു. അതായത് പവന്മേൽ മാത്രം 8,000 രൂപയിലധികം ഇടിവാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഉണ്ടായത്. ഒരു ഘട്ടത്തിൽ വില 1,02,000 രൂപയിലേക്കും എത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വിലിയിടിവ് കാരണം സ്വർണവില കുറഞ്ഞെങ്കിലും ഇതിനിടയിൽ കേന്ദ്ര സർക്കാർ എടുത്ത ഒരു തീരുമാനം സാധാരണക്കാർക്ക് വലിയൊരു ലാഭം നഷ്ടപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് തൊട്ടുപിന്നാലെ, രാജ്യത്തേക്കുള്ള സ്വർണത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാനായി സർക്കാർ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു. അതായത് 9% അധിക നികുതിയാണ് വർദ്ധിപ്പിച്ചത്.
ഈ നികുതി വർദ്ധനവ് ഉണ്ടായിരുന്നില്ല എങ്കിൽ നിലവിലെ വിപണി വിലയിൽ നിന്നും 10 ഗ്രാമിന് ഏകദേശം 11,500 രൂപയുടെ കുറവ് കൂടി ഉണ്ടാകുമായിരുന്നു. അതായത് പവന് ഏകദേശം 9,000 രൂപയോളം. ഇത് ചില്ലറ വിപണിയെ നേരിട്ട് ബാധിക്കുന്ന നികുതി അല്ലെങ്കിലും മൊത്ത ഇറക്കുമതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന നികുതി ഏറ്റക്കുറച്ചിലുകൾ ചില്ലറ വിപണിയേയും പരോക്ഷമായി ബാധിക്കും. അങ്ങനെയാണെങ്കിൽ കേരളത്തിൽ ഇന്ന് ഒരു പവന്റെ വില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേനെ എന്നാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണി സാധാരണക്കാരന് അനുകൂലമായിട്ടും സർക്കാർ നികുതി കൂട്ടിയതു മൂലമാണ് പവൻ വില ഒരു ലക്ഷത്തിന് താഴേക്ക് പോകാതെ നിൽക്കുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഈ തീരുമാനം വളരെ നിർണായകമായിരുന്നു. ഇന്ത്യ സ്വന്തമായി സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യമല്ല. നമ്മുടെ ആവശ്യത്തിനുള്ള സ്വർണം മുഴുവൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതിനായി കോടിക്കണക്കിന് യു.എസ് ഡോളറാണ് ഇന്ത്യയ്ക്ക് നൽകേണ്ടി വരുന്നത്.
പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്ന സാഹചര്യത്തിൽ, ഇന്ധനം ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് വൻതോതിൽ ഡോളർ ആവശ്യമായിരുന്നു. സ്വർണത്തിന് നികുതി കൂട്ടിയതോടെ അതിന്റെ ഇറക്കുമതി കുറയുകയും, അതിലൂടെ ലാഭിച്ച ഡോളർ രാജ്യത്തിന് ഏറ്റവും അത്യാവശ്യമായ ഇന്ധന ഇറക്കുമതിക്കായി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്തു.
രാജ്യത്തുനിന്നും വൻതോതിൽ ഡോളർ പുറത്തേക്ക് ഒഴുകുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാൻ സാധ്യതയുണ്ട്. രൂപ ദുർബലമായാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മറ്റെല്ലാ സാധനങ്ങൾക്കും വില കൂടും. സ്വർണ ഇറക്കുമതി നിയന്ത്രിച്ചതിലൂടെ ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടയാനും രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിർത്താനും സർക്കാരിന് കഴിഞ്ഞു.
Content Highlights: Gold prices had the potential to fall below ₹1 lakh per pavan amid weakness in global bullion markets. However, policy measures taken by the Central government helped cushion the domestic market from a steeper decline, limiting the fall despite lower international prices and changing investor sentiment.