

ഒമാൻ സുൽത്താനേറ്റിലെ സാമ്പത്തിക-സാമൂഹിക വികസന രംഗത്തെയും സംരംഭകത്വ മേഖലയിലെയും വിജയഗാഥകൾ അടയാളപ്പെടുത്തുന്ന ‘ഇൻസ്പെയർ ഒമാൻ’ പദ്ധതിക്ക് മസ്കറ്റിൽ തുടക്കമായി. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ഈ വൻകിട പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ആഗോള തലത്തിൽ ഏറ്റവും വിശ്വസനീയമായ രണ്ടാമത്തെ നിക്ഷേപ കേന്ദ്രമെന്ന ഖ്യാതിയുള്ള ഒമാന്റെ ബിസിനസ് സാധ്യതകളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒമാനിലെ വിജയകരമായ ബിസിനസ് മാതൃകകളെ പ്രാദേശിക-ആഗോള തലങ്ങളിൽ ഉയർത്തിക്കാട്ടുന്നതിനായി ‘മീഫ്രണ്ട്’ എന്ന കൂട്ടായ്മയാണ് ‘ഇൻസ്പെയർ ഒമാൻ’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പൂർണ പിന്തുണയോടെയാണ് ഇത് നടപ്പാക്കുന്നത്. ഒമാനിലേക്ക് കൂടുതൽ അന്താരാഷ്ട്ര നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ‘ഒമാൻ വിഷൻ 2040’-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ സംരംഭം വലിയ സംഭാവന നൽകുമെന്ന് ഒസിസിഐ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വ്യക്തമാക്കി.
രാജ്യത്തെ മികച്ച വിജയമാതൃകകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത് ഒമാന്റെ സാമ്പത്തിക പദവി ഉയർത്താനും നിക്ഷേപകർക്കുള്ള ആത്മവിശ്വാസം ഇരട്ടിയാക്കാനും സഹായിക്കുമെന്ന് ഒസിസിഐ ബോർഡിലെ ആദ്യ വിദേശിയും ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൾ ലത്തീഫ് ഉപ്പള പറഞ്ഞു. ഒമാൻ, ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയരൂപകർത്താക്കൾ, ബിസിനസ് വിദഗ്ധർ, നിക്ഷേപകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ‘ഇൻസ്പെയറിങ് ഒമാൻ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ്’ ഉൾപ്പെടെയുള്ള വിപുലമായ പരിപാടികളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഒമാനിലെ മികച്ച നിക്ഷേപാന്തരീക്ഷത്തിന്റെ സമഗ്രമായ ചിത്രം ആഗോള ബിസിനസ് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ കൂട്ടായ്മയിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: The ‘Inspire Oman’ initiative has been launched in Muscat to strengthen the Sultanate’s business ecosystem and attract investment. The program focuses on fostering entrepreneurship, encouraging innovation, and creating new economic opportunities that contribute to Oman’s long-term development goals.