

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഒമാൻ. ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ പുതിയ കരട് ചട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടുകയാണ് രാജ്യം.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന്മേൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യാ കമ്പനികൾ, വിദഗ്ധർ, മാതാപിതാക്കൾ, മറ്റു പൊതുജനങ്ങൾ എന്നിവരിൽ നിന്നാണ് അഭിപ്രായങ്ങൾ ശേഖരിക്കുന്നതെന്ന് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ സാന്നിധ്യം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാകുന്നതിനിടെയാണ് ഒമാനും ഈ നീക്കം നടത്തുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ അടുത്തിടെ യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒമാന്റെയും നടപടി.
ഓൺലൈനിൽ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപരവും സാങ്കേതികവുമായ നടപടികളിലായിരിക്കും ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് കൂടിയാലോചനാ രേഖ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ, അനുചിതമായ ഉള്ളടക്കങ്ങൾ കുട്ടികളിൽ എത്താതിരിക്കാനുള്ള കർശന നിയന്ത്രണങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കുന്നതിൽ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കുമുള്ള പങ്കും പുതിയ ചട്ടങ്ങൾ പരിശോധിക്കും.
ഈ കൂടിയാലോചനകളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഭാവിയിലെ നിയമനിർമ്മാണത്തിന് രൂപം നൽകാൻ സഹായിക്കുമെന്നും ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മികച്ച അന്തർദേശീയ മാനദണ്ഡങ്ങളുമായി ഇത് ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ടിആർഎ വ്യക്തമാക്കി.
Content Highlights: Oman is moving towards introducing restrictions on children's access to social media platforms. The proposed measures, inspired by similar initiatives in the UAE, aim to improve online safety, safeguard minors from harmful content, and promote responsible digital engagement.