ഒമാനിൽ കടുത്ത ചൂട്: സൂര്യാഘാതത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ചൂട് കൂടുന്ന സമയങ്ങളിൽ സാധ്യമാകുമ്പോഴെല്ലാം വീടിനുള്ളിൽ തന്നെ തുടരണമെന്നും മന്ത്രാലയം

ഒമാനിൽ കടുത്ത ചൂട്: സൂര്യാഘാതത്തിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം
dot image

ഒമാനിലുടനീളം താപനില ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമിതചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന അഭ്യർത്ഥനയുമായി ആരോഗ്യ മന്ത്രാലയം. ചൂട് മൂലമുണ്ടാകുന്ന ശാരീരിക സമ്മർദ്ദം, സൂര്യാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

65 വയസ്സിനു മുകളിലുള്ള പ്രായമായവർ, നാല് വയസ്സിന് താഴെയുള്ള കുട്ടികൾ, വായുസഞ്ചാരം കുറഞ്ഞതും എയർ കണ്ടീഷൻ ചെയ്യാത്തതുമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ, ഹജ്ജ്-ഉംറ തീർത്ഥാടകർ എന്നിവരാണ് ചൂടിന്റെ ആഘാതം നേരിടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡോ. ഷംസ ബിൻത് അഹമ്മദ് അൽ ഹാർത്തി പറഞ്ഞു. അമിതമായ വിയർപ്പ്, കടുത്ത ക്ഷീണം, തലവേദന, ഛർദ്ദി, തലകറക്കം, അതിദാഹം, പേശിവലിവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ലക്ഷണങ്ങളെന്നും അവർ വിശദീകരിച്ചു.

താപനില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ദിവസം മുഴുവൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. അൽ ഹാർത്തി ഓർമ്മിപ്പിച്ചു. എന്നാൽ കഫീൻ, പഞ്ചസാര എന്നിവയടങ്ങിയ പാനീയങ്ങൾ പരമാവധി ഒഴിവാക്കണം. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന പുരുഷന്മാർ പ്രതിദിനം 3.5 മുതൽ 4 ലിറ്റർ വരെയും സ്ത്രീകൾ 2.5 മുതൽ 3 ലിറ്റർ വരെയും വെള്ളം കുടിക്കണം.

രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയുള്ള സമയങ്ങളിൽ കഠിനമായ ഔട്ട്‌ഡോർ ജോലികൾ ഒഴിവാക്കുക, തണലുള്ളതോ എയർ കണ്ടീഷൻ ചെയ്തതോ ആയ സ്ഥലങ്ങളിൽ പതിവായി ഇടവേളകൾ എടുക്കുക, അയഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക എന്നിവ മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. പുറത്തിറങ്ങുമ്പോൾ തൊപ്പികൾ, സൺഗ്ലാസുകൾ, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കണം, ചൂട് കൂടുന്ന സമയങ്ങളിൽ സാധ്യമാകുമ്പോഴെല്ലാം വീടിനുള്ളിൽ തന്നെ തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman is experiencing intense summer temperatures, prompting the country's Health Ministry to issue a public advisory on preventing sunstroke and heat-related illnesses. Authorities have urged residents to stay hydrated, avoid prolonged exposure to direct sunlight, and follow safety measures during peak daytime hours.

dot image
To advertise here,contact us
dot image