

യുഎഇയിൽ സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വൻ അവസരമൊരുക്കി അബുദാബി. 2026-ലെ ആദ്യ മൂന്ന് മാസങ്ങളിൽ അബുദാബിയിൽ അനുവദിച്ച പുതിയ ബിസിനസ് ലൈസൻസുകളിൽ 21 ശതമാനത്തിന്റെ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. പ്രൊഫഷണൽ, ഫ്രീലാൻസ് ലൈസൻസുകൾക്ക് വലിയ ഡിമാൻഡുള്ള പുതിയ സാഹചര്യം പ്രവാസി സംരംഭകർക്കും ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ ഗുണകരമാകും.
വിദേശ നിക്ഷേപകർക്കും പ്രവാസി സംരംഭകർക്കും മികച്ച പിന്തുണ നൽകുന്ന അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ പുതിയ റിപ്പോർട്ടിലാണ് ബിസിനസ്സ് മേഖലയിലെ ഈ വൻ കുതിച്ചുചാട്ടം വ്യക്തമാക്കുന്നത്. 2026 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പുതിയ ബിസിനസ് ലൈസൻസുകളിൽ 21 ശതമാനം വളർച്ചയുണ്ടായപ്പോൾ, സജീവമായ ആകെ ലൈസൻസുകളുടെ എണ്ണത്തിൽ 12 ശതമാനം വർദ്ധനവുമുണ്ടായി. നിയമങ്ങൾ ലളിതമാക്കിയതോടെ കൂടുതൽ പ്രവാസികൾ അബുദാബിയിലേക്ക് ബിസിനസ്സുമായി എത്തുന്നുണ്ട്.
എമിറേറ്റിലെ മൂന്ന് പ്രധാന മേഖലകളിലും വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. അൽ ഐനിൽ 58 ശതമാനവും, അൽ ദഫ്രയിൽ 28 ശതമാനവും, അബുദാബി നഗരത്തിൽ 18 ശതമാനവും പുതിയ ലൈസൻസുകൾ വർദ്ധിച്ചു. ബിസിനസ്സ് വിഭാഗങ്ങളിൽ പ്രൊഫഷണൽ ലൈസൻസുകളിൽ 193 ശതമാനത്തിന്റെ അവിശ്വസനീയമായ വളർച്ചയാണ് ഉണ്ടായത്. വാണിജ്യ ലൈസൻസുകൾ 20 ശതമാനവും വർദ്ധിച്ചു. ഐടി, കൺസൾട്ടൻസി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇത് വലിയ സാധ്യതകളാണ് തുറന്നുനൽകുന്നത്.
ചെറുകിട സംരംഭകരെയും ഫ്രീലാൻസ് ജോലികൾ ചെയ്യുന്ന പ്രവാസികളെയും ലക്ഷ്യമിട്ടുള്ള ലൈസൻസുകൾക്കാണ് ഇപ്പോൾ ആവശ്യക്കാർ ഏറെയുള്ളത്. ഫ്രീലാൻസ് ലൈസൻസുകളിൽ മാത്രം 261 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ 34 പുതിയ വ്യാവസായിക സ്ഥാപനങ്ങൾ കൂടി ഈ പാദത്തിൽ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കമ്പനികൾക്കും നിക്ഷേപകർക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകി അബുദാബിയെ ലോകത്തിലെ ഏറ്റവും ആകർഷകമായ ബിസിനസ്സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക വികസന വകുപ്പ് അണ്ടർസെക്രട്ടറി ഹമദ് സയാ അൽ മസ്രൂയി വ്യക്തമാക്കി.
Content Highlights: Abu Dhabi is offering fresh opportunities for expatriates looking to launch new businesses. The initiative aims to attract entrepreneurs, encourage investment, and support economic growth by simplifying business setup procedures and expanding access to the local market.