

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിൻ്റെ സ്റ്റേ ഉത്തരവ് നടപടി ക്രമങ്ങൾ പാലിക്കാതെയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി നിരീക്ഷിച്ചു.
സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് കെ ജെ റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയിൽ റീന ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിനെ തുടർന്നായിരുന്നു റീനയുടെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഉത്തരവ് വന്നത്. ഇതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ട്രൈബ്രൂണൽ ഉത്തരവ് വന്നതിന് പിന്നാലെ കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തിയെങ്കിലും കസേര വിട്ടുനൽകാൻ താൽക്കാലിക ചുമതല ഏറ്റെടുത്തിരുന്ന ഡോ മീനാക്ഷി തയ്യാറായിരുന്നില്ല. ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. 'വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞു. അതുകൊണ്ടാണ് വന്നത്. ആരുമില്ലാത്തവര്‍ക്കൊപ്പം നീതിന്യായ വ്യവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അതനുസരിച്ച് മുന്നോട്ട് പോവുകയാണ്. എനിക്ക് കുറേ പെന്‍ഡിങ് വര്‍ക്കുകളുണ്ട്. അത് പൂര്‍ത്തിയാക്കണം' എന്നായിരുന്നു വിഷയത്തോടുള്ള റീനയുടെ പ്രതികരണം. ഡോ. വി മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനും പ്രതികരിച്ചിരുന്നു. ഡോ. മീനാക്ഷി തന്നെയാണ് ഡിഎച്ച്എസ് എന്നായിരുന്നു ആ ഘട്ടത്തിൽ ആരോഗ്യ വകുപ്പിൻ്റെ നിലപാട്.
എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കായിരുന്നു നേരത്തെ ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരുന്നത്. തുടർന്ന് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്. നിപ പോലൊരു സാഹചര്യത്തില്‍ കെ ജെ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റം. ആരോഗ്യമന്ത്രി കെ മുരളീധരനും പരോക്ഷമായി കെ ജെ റീനയെ വിമർശിച്ചിരുന്നു.
എന്നാല്‍ റീന 15 ദിവസം അവധിയെടുത്തില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള രേഖ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ സ്ഥലം മാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പിഴവ് തിരുത്തി. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കി പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കുകയായിരുന്നു.
Content Highlights: The Kerala High Court has set aside the Administrative Tribunal's order that stayed the transfer of the Health Department Director, upholding the government's transfer decision.