

സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായ, മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ കിരീടം ഇപ്പോള്‍ റീറിലീസിനൊരുങ്ങുകയാണ്. 1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്‌മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് തയ്യാറാവുകയാണ്. സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ വെച്ച് സിബി മലയിലുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ.
'ഞാൻ സിനിമയിൽ വന്നിട്ട് 50 വർഷമായി. തിരനോട്ടം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ ഓഡിഷന് അതിന്റെ അവസാനദിവസമാണ് ഞാൻ ചെല്ലുന്നത്. അവിടെവെച്ച് ഒരു സീൻ തന്നിട്ട് അഭിനയിച്ചുകാണിക്കാൻ പറഞ്ഞു. അന്നവിടെ സംവിധായകൻ ഫാസിൽ, ജിജോ, സിബി മലയിൽ എന്നിവരുണ്ട്. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും ഇപ്പോൾ ഇതിവിടെ പറയാതിരിക്കാൻ പറ്റില്ല. നൂറിലാണ് മാർക്ക് തരുന്നത്. അന്ന് ഓരോരുത്തരും മാർക്ക് തന്നപ്പോൾ എനിക്ക് ഏറ്റവും നല്ല മാർക്ക് തന്ന് സഹായിച്ചയാളാണ് സിബി. നൂറിൽ രണ്ടുമാർക്ക്. പക്ഷേ പിൽക്കാലത്ത് അദ്ദേഹമെനിക്ക് രണ്ട് ദേശീയ പുരസ്കാരങ്ങളും സമ്മാനിച്ചു. എന്റെ ആദ്യത്തെ നാഷണൽ അവാർഡ് കിരീടത്തിനായിരുന്നു. ആ വർഷത്തെ സംസ്ഥാന പുരസ്കാരവും അതേ ചിത്രത്തിലൂടെ കിട്ടി. അതുകഴിഞ്ഞ് ഭരതത്തിനും പുരസ്കാരം ലഭിച്ചു. താങ്ക്യൂ സിബി. അദ്ദേഹത്തിനൊപ്പം ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിച്ചു', മോഹൻലാലിന്റെ വാക്കുകൾ.
ചിത്രം ജൂലൈയിൽ പുറത്തിറങ്ങും. കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിര്‍മിച്ചത്. അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേര്‍ന്ന മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാന്‍ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസില്‍ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
Content Highlights: Mohanlal shared a humorous memory about director Sibi Malayil, revealing that he once received only 2 out of 100 marks for his performance. The actor's candid remark has delighted fans.