

2026 ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ടാം ക്വാളിഫയറിലെ പുറത്താവലിന് പിന്നാലെ, രാജസ്ഥാന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറന്‍റെ അപ്രതീക്ഷിത പിന്മാറ്റത്തിൽ കടുത്ത അതൃപ്തിയുമായി രാജസ്ഥാന്‍ റോയല്‍സ് മുഖ്യപരിശീലകന്‍ കുമാർ സംഗക്കാര. താരത്തിന്റേത് ഗുരുതര പരിക്കാണെന്നും സീസണ്‍ തന്നെ നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി സാം കറൻ ഐപിഎല്ലിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ താരമിപ്പോൾ ഇംഗ്ലണ്ടിൽ ആഭ്യന്തര ടി20 ടൂർണമെന്‍റായ വൈറ്റാലിറ്റി ബ്ലാസ്റ്റിൽ സറേ ടീമിനായി കളിക്കുകയാണ്. ഇതാണ് സംഗക്കാരയെ ചൊടിപ്പിച്ചത്. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനോടേറ്റ പരാജയപ്പെട്ടതിന് ശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു സംഗക്കാരയുടെ പ്രതികരണം.
'സാം കറന് സീസൺ തന്നെ നഷ്ടമാകുന്ന തരത്തിലുള്ള ഗുരുതര പരിക്കാണെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നിട്ട് അവൻ ഇപ്പോൾ ഇംഗ്ലണ്ടിൽ സറേയ്ക്കായി കളിക്കുന്നത് ഞാൻ കണ്ടു. ഇത് ശരിക്കും നിരാശാജനകമാണ്. കാരണം അവൻ ഈ സീസണിൽ ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു', സംഗക്കാര വാര്‍ത്താ സമ്മേളനത്തില്‍ തുറന്നുപറഞ്ഞു. കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ ദാസുൻ ഷനകയെ പകരക്കാരനായി ടീമിൽ എത്തിച്ചെന്നും പരിമിതമായ സാഹചര്യങ്ങളിലും ടീമിലെ എല്ലാവരും പുറത്തെടുത്ത പ്രകടനത്തിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ മുൻ നായകൻ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിട്ടുനല്‍കിയപ്പോള്‍ ചെന്നൈയിൽ നിന്ന് രവീന്ദ്ര ജഡേജക്കൊപ്പം രാജസ്ഥാന്‍ ടീമിലെത്തിച്ച താരമാണ് സാം കറന്‍. 2.40 കോടി രൂപയ്ക്കായിരുന്നു സാം കറനെ അന്ന് രാജസ്ഥാൻ റോയൽസ് തട്ടകത്തിലെത്തിച്ചത്. എന്നാൽ സീസൺ ആരംഭിക്കുന്നതിന് മുമ്പായി താരത്തിന് പരിക്ക് പറ്റിയതോടെ തനിക്ക് ഈ സീസൺ പൂർണ്ണമായും നഷ്ടമാകുമെന്ന് കറൻ ഫ്രാഞ്ചൈസിയെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. അതിന് പിയൂനാളെയായിരുന്നു ശ്രീലങ്കൻ ഓൾ റൗണ്ടറായ ദാസുൻ ഷനകയെ രാജസ്ഥാൻ ടീമിലേക്ക് എത്തിച്ചത്.
Content highlight: Kumar Sangakkara slams Sam Curran over injury and playing elsewhere