

1447-ാമത് ഹിജ്റ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയമായിരുന്നതായി സൗദി അറേബ്യ. 1.7 ദശലക്ഷത്തിലധികം (17 ലക്ഷം) തീർത്ഥാടകർക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഹജ്ജ് തീർത്ഥാടനം നിർവഹിക്കാൻ കഴിയുന്ന വിധത്തിൽ മികച്ച രീതിയിൽ ഏകോപന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചെന്ന് അധികൃതർ പ്രതികരിച്ചു.
ഈ വർഷത്തെ തീർത്ഥാടനം വിജയകരമായി പൂർത്തിയായതായി മക്ക മേഖല ഡെപ്യൂട്ടി ഗവർണറും സ്ഥിരം ഹജ്ജ്-ഉംറ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് വെള്ളിയാഴ്ച അറിയിച്ചു. സുരക്ഷ, സംഘാടനം, സേവനങ്ങൾ എന്നിവയുടെ സംയോജിത സംവിധാനമാണ് ഹജ്ജ് സീസൺ മികവുറ്റതാക്കിയതെന്നും ഇത് തീർത്ഥാടകർക്ക് ലളിതമായും സമാധാനത്തോടെയും തങ്ങളുടെ കർമ്മങ്ങൾ പൂർത്തിയാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യൻ ഭരണകൂടത്തിന്റെ പിന്തുണയും മാർഗ്ഗനിർദ്ദേശവും കാരണമാണ് ഈ സീസൺ വിജയകരമാക്കാൻ സാധിച്ചതെന്ന് പ്രിൻസ് സൗദ് പറഞ്ഞു. ഇതിനോടൊപ്പം വിപുലമായ ഒരുക്കങ്ങളും ആസൂത്രണവും നടത്തിപ്പും എല്ലാ ഘട്ടങ്ങളിലുമുള്ള നിരന്തരമായ മേൽനോട്ടവും ഇതിന് സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ അതിഥികളെ (തീർത്ഥാടകരെ) സേവിക്കുന്നതിലും സുരക്ഷിതവും വ്യവസ്ഥാപിതവും സുസംഘടിതവുമായ ഒരു അന്തരീക്ഷത്തിൽ അവർക്ക് അവരുടെ മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലുമുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് പ്രിൻസ് സൗദ് വ്യക്തമാക്കി.
Content Highlights: Saudi Arabia has assessed the recently concluded Hajj season as a success, citing comprehensive planning and improved facilities for pilgrims. Authorities emphasized the quality of services and logistical arrangements provided to ensure a smooth pilgrimage experience.