
ഒമാനിൽ നഗരങ്ങളിൽ കെട്ടിട നിർമാണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവുമായി മസ്കത്ത് മുൻസിപ്പാലിറ്റി. നഗരത്തിന്റെ സുസ്ഥിര വികസനത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. മസ്‌കത്ത് ഗവർണറേറ്റിലെ എല്ലാ കെട്ടിട ഉടമകൾക്കും ഡെവലപ്പർമാർക്കും കരാറുകാർക്കുമാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. അനുവദനീയമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾ ഒഴിവാക്കി, നഗരത്തിന്റെ ആകർഷണവും ഭംഗിയും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
കെട്ടിട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിരിക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഔദ്യോഗിക അനുമതിയില്ലാത്ത നിർമാണ പ്രവർത്തനങ്ങൾ നിയമലംഘനമായി കണക്കാക്കും. കൂടാതെ, അത്തരം നിർമാണം നടത്തുന്നവർക്ക് പിഴ ചുമത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ചില സാഹചര്യങ്ങളിൽ, അനുമതിയില്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. നഗരത്തിന്റെ ഭംഗിയും സുരക്ഷയും ഉറപ്പുവരുത്താൻ ഈ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻസിപ്പാലിറ്റി ഓർമിപ്പിച്ചു.
Content Highlights: Muscat Municipality urges compliance with building regulations