സ്റ്റൈൽ രാജ്! പക്കാ സ്റ്റൈലിഷായി പറന്നിറങ്ങി പൃഥ്വിരാജ്; പുത്തൻ ലുക്ക് 'ഖലീഫ'യ്ക്ക് വേണ്ടിയാണോ എന്ന് ആരാധകർ

ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്

dot image

സൂപ്പർ ഹിറ്റ് ചിത്രം ടർബോയ്ക്ക് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം നാളെ ലണ്ടനിൽ ആരംഭിക്കും. ഇപ്പോഴിതാ ചിത്രത്തിലെ പൃഥ്വിരാജിന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്.

ലണ്ടൻ എയർപോർട്ടിൽ പൃഥ്വി എത്തിയപ്പോഴുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നത്. നിമിഷനേരം കൊണ്ടാണ് പൃഥ്വിയുടെ ഈ പുതിയ ലുക്ക് വൈറലായത്. ഒരു പക്കാ സ്റ്റൈലിഷ് മാസ്സ് പടമാണ് ഖലീഫ എന്നാണ് സൂചന. നിലവിൽ ലണ്ടനിൽ പത്ത് ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. വൈശാഖിന്റെ ആദ്യ സിനിമയായ 'പോക്കിരിരാജ'യിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിയും ഒരു പ്രധാന നായക കഥാപാത്രമായി എത്തിയിരുന്നു. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫയ്ക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിംഗും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്.

അതേസമയം, ബോളിവുഡ് ചിത്രമായ സര്‍സമീൻ ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് സിനിമ. ചിത്രം ജൂലൈ 25 ന് ജിയോഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങി. കജോളും ഇബ്രാഹിം അലി ഖാനും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Hightights: Prithviraj new look from Khalifa goes viral

dot image
To advertise here,contact us
dot image