
ലോകത്തിലെ പ്രധാനപ്പെട്ട മരുഭൂമി റേസുകളിലൊന്നായ ഒമാന്‍ ഡെസേര്‍ട്ട് മാരത്തണിന്റെ 11-ാം പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. അടുത്ത വര്‍ഷം ജനുവരി 10 മുതല്‍ 14 വരെ നോര്‍ത്ത് ഷര്‍ഖിയയിലെ ബിദിയയിലാണ് മത്സരം നടക്കുക. ലോകോത്തര താരങ്ങൾ ഇതിനോടകം തന്നെ മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് ഈ മാരത്തണിന് വലിയ പ്രാധാന്യം നൽകുന്നു.
പ്രമുഖ ജര്‍മ്മന്‍ മാഗസിനായ 'റണ്ണേഴ്സ് വേള്‍ഡി'ല്‍ മാരത്തണിനെക്കുറിച്ച് അടുത്തിടെ വലിയ കവറേജ് ലഭിച്ചത് ഒമാന്റെ ടൂറിസം മേഖലയ്ക്കും സാഹസിക കായിക വിനോദങ്ങള്‍ക്കും വലിയ പ്രചോദനമാണ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനായ ഷീറേസസില്‍ നിന്ന് അക്രഡിറ്റേഷന്‍ ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഇവന്റ് എന്ന പ്രത്യേകതയും ഒമാന്‍ ഡെസേര്‍ട്ട് മാരത്തണിനുണ്ട്. ദീര്‍ഘദൂര ഓട്ടങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായുള്ള മാരത്തണിന്റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം കാണിക്കുന്നത്.
റോഡ്, മൗണ്ടന്‍ റേസുകളില്‍ സ്ത്രീകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ ദീര്‍ഘദൂര ഓട്ടങ്ങളില്‍ അവരുടെ പങ്കാളിത്തം 16% മാത്രമാണ്. കായികരംഗത്ത് ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഷീറേസസ്.
Content Highlights: Oman opens registration for desert marathon