
ഒമാനില്‍ ഉപഭോക്താക്കള്‍ക്ക് ക്യു ആര്‍ കോഡ് വഴി പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. മസ്‌കത്ത് ഗവര്‍ണറേറ്റിലെ താമസക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാക്കുന്നത്. വാണിജ്യ സ്റ്റോറുകളിലെ ക്യു ആര്‍ കോഡിലൂടെ ഉപഭോക്താക്കള്‍ക്കും അതോറിറ്റിയുടെ സേവനങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
രണ്ട് തരം ക്യു ആര്‍ കോഡുകളാണ് വിതരണം ചെയ്യുന്നത്. ആദ്യ കോഡ് ഉപഭോക്താക്കളെ അതോറിറ്റിയുടെ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും റിപ്പോര്‍ട്ടുകളും അഭിപ്രായങ്ങളും എളുപ്പത്തില്‍ സമര്‍പ്പിക്കാനും സഹായിക്കുന്നതാണ്. രണ്ടാമത്തെ കോഡ് അതോറിറ്റിയുടെ ജുഡീഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാണിജ്യ സ്ഥാപനങ്ങളുടെ ഡാറ്റ ഇലക്ട്രോണിക് രീതിയില്‍ ശേഖരിക്കാന്‍ ഇത് ഉപയോഗിക്കും. മാനുവല്‍ എന്‍ട്രിയുടെ സഹായമില്ലാതെ തന്നെ വാണിജ്യ സ്ഥാപനങ്ങള്‍
നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുല്‍ത്താനേറ്റിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്തൃ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പുതിയ പദ്ധതിയുലൂടെ കഴിയും. ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതിയെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.
Content Highlights: Now, consumers in Muscat can lodge complaints with a QR scan