

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുരക്ഷയും നിയന്ത്രണങ്ങളും ചർച്ച ചെയ്യുന്നതിനായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം ഇറാനിലെത്തി. സംഘത്തിന്റെ നേതൃത്വത്തിൽ ഇറാൻ അധികൃതരുമായി തെഹ്‌റാനിൽ ചർച്ചകൾ ആരംഭിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള വ്യോമാക്രമണങ്ങൾ രൂക്ഷമായി തുടരുകയും പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഒമാന്റെ നയതന്ത്ര ഇടപെടൽ. ആഗോള എണ്ണ,വാണിജ്യ കപ്പൽ ഗതാഗതത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാനുള്ള മാർഗങ്ങളാണ് ചർച്ചകളിലെ പ്രധാന വിഷയം.
കപ്പൽ ഗതാഗത സുരക്ഷയ്ക്കായി ആവശ്യമായ സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും മേഖലയിൽ സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഒമാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനം. ഇതിനിടെ, നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ടെലിഫോണിൽ ആശയവിനിമയം നടത്തി. മേഖലയിൽ സമാധാനവും കടൽഗതാഗത സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ ഇരുനേതാക്കളും ചർച്ച ചെയ്തതായി നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.
Contet Highlight: Omani delegation has arrived in Tehran for discussions on Hormuz Strait security amid continuing tensions in the Middle East