

ന്യൂഡല്‍ഹി: സിജെപി സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി വെച്ചത് നരേന്ദ്ര മോദി സർക്കാരിന് തിരിച്ചടിയായി. ധർമേന്ദ്ര പ്രധാൻ്റെ രാജി ഒഴികെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന കേന്ദ്ര സർക്കാർ നിലപാട് സിജെപി അംഗീകരിക്കാൻ തയ്യാറാകാത്തതോടെയാണ് ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യമായത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നും ധർമേന്ദ്ര പ്രധാൻ്റെ പിന്നിൽ ഉറച്ച് നിൽക്കാനുമായിരുന്നു കഴിഞ്ഞ ദിവസം വരെ ബിജെപി നേതൃത്വത്തിൻ്റെ നിലപാട്. എന്നാൽ സമരം അവസാനിപ്പിക്കണമെങ്കിൽ നീറ്റ് ക്രമക്കേടിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന നിലപാടിൽ സിജെപി ഉറച്ച് നിന്നതോടെയാണ് ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യമായത്. മൂന്നാം ടേമിൽ അധികാരത്തിൽ ഇരിക്കുന്ന നരേന്ദ്ര മോദിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ് ധർമേന്ദ്ര പ്രധാൻ്റെ രാജി. നേരത്തെ നടന്ന വിദ്യാർത്ഥി, കർഷക സമരങ്ങൾക്കൊന്നും പിടിച്ചുലയ്ക്കാൻ സാധിക്കാത്ത വിധത്തിൽ സിജെപി സമരം മോദി ഭരണകൂടത്തെ പിടിച്ചുലച്ചിട്ടുണ്ട്. ഇനിയങ്ങോട്ട് ഈ പ്രഹരത്തിൻ്റെ പരുക്കുകൾ മോദി സർക്കാറിനെ വിടാതെ പിന്തുടരുമെന്നതും തീർച്ചയാണ്. കെട്ടടങ്ങിയെന്ന് കരുതിയ കർഷക സമരങ്ങൾക്ക് അടക്കം പുതിയ ദിശാബോധം പകർരുന്നതാണ് ധർമേന്ദ്ര പ്രധാൻ്റെ രാജി.
2014-ല്‍ അധികാരത്തില്‍ വന്നതിന് ശേഷം മോദി സര്‍ക്കാരില്‍ ഒരു മന്ത്രിയും പൊതുജന സമ്മര്‍ദ്ദത്തെ തുടര്‍ന്നോ പ്രതിഷേധത്തെ തുടര്‍ന്നോ ഇതുവരെ രാജിവെച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊവിഡ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോൾ പോലും അന്നത്തെ ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ രാജിവെച്ചിരുന്നില്ല. പിന്നീട് 2021 ജൂലൈയില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ ഹര്‍ഷ് വര്‍ദ്ധനെ സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട വ്യാപക പ്രതിഷേധമുയർന്നപ്പോഴും അന്നത്തെ മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി രാജിവെച്ചിരുന്നില്ല. 2020-ൽ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകർ സമരം ചെയ്തപ്പോൾ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും രാജിവെച്ചിരുന്നില്ല. അന്ന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ മരിച്ചപ്പോള്‍ പോലും സര്‍ക്കാര്‍ അദ്ദേഹത്തിന്റെ രാജിയ്ക്ക് വേണ്ടിയുളള സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിരുന്നില്ല. ശക്തമായ ജനരോഷത്തെ തുടര്‍ന്ന് മകന്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്‌തെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടര്‍ന്നു.
മോദി മന്ത്രിസഭയില്‍ ഒരു രാജിയുണ്ടായത് എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിലെ അന്നത്തെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ മാത്രമാണ്. അതും തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പഞ്ചാബിലെ തങ്ങളുടെ വോട്ട് ബാങ്കായ കര്‍ഷകരെ പിണക്കരുതെന്ന ആശങ്കയിലാണ് 24 വര്‍ഷത്തെ ബിജെപിയുമായുളള സഖ്യം അവസാനിപ്പിച്ച് അകാലി ദള്‍ മുന്നണി വിട്ടത്.
മോദിയ്ക്ക് മുന്‍പ് കേന്ദ്രം ഭരിച്ച ബിജെപി- എന്‍ഡിഎ സര്‍ക്കാരിന് പക്ഷെ രാജിപ്പേടി ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. 1998-ഏപ്രിലില്‍ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാരില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ടതിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ആര്‍ മുത്തയ്യ രാജിവെച്ചിരുന്നു. ഛത്തീസ്ഗഡില്‍ ഖനന അവകാശം നല്‍കുന്നതിനായി പണം കൈപ്പറ്റുന്നത് സ്റ്റിംഗ് ഓപ്പറേഷനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്നത്തെ പരിസ്ഥിതി- വനം സഹമന്ത്രി ദിലീപ് സിംഗ് ജുദേവ് രാജിവെച്ചത്.
ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2003-ല്‍ മുതിര്‍ന്ന ബിജെപി നേതാവ് ശാന്തകുമാര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. 2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് വാജ്‌പേയി സര്‍ക്കാരില്‍ നിന്ന് എല്‍ജെപി നേതാവ് റാംവിലാസ് പാസ്വാന്‍ രാജിവെച്ചിരുന്നു. ആ രാജി അന്ന് നിതീഷ് കുമാറിന് ലഭിച്ച റെയില്‍വേ വകുപ്പ് തനിക്ക് ലഭിക്കാത്തതിലെ അതൃപ്തി മൂലമാണെന്നും അന്ന് അഭ്യൂഹമുണ്ടായിരുന്നു. പശ്ചിമബംഗാളിലെ ഗൈസാലില്‍ 290 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിന്‍ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് 1999-ല്‍ നിതീഷ് കുമാര്‍ റെയില്‍വേ മന്ത്രിസ്ഥാനം രാജിവെച്ചത്. 2001-ല്‍ തെഹല്‍ക്കയുടെ ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന സ്റ്റിംഗ് ഓപ്പറേഷനെ തുടര്‍ന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചു. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം സൈന്യത്തിന്റെ മനോവീര്യം സംരക്ഷിക്കുന്നതിനായാണ് സ്ഥാനമൊഴിയുന്നത് എന്നാണ് പറഞ്ഞത്. മാര്‍ച്ചില്‍ സ്ഥാനമൊഴിഞ്ഞ അദ്ദേഹം അന്വേഷണം അവസാനിക്കുന്നതിന് മുന്‍പേ ഒക്ടോബറില്‍ തന്നെ വീണ്ടും ചുമതലയേറ്റതും പിന്നീട് അന്വേഷണ കമ്മീഷന്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും രാജ്യം കണ്ടതാണ്. അത്തരത്തില്‍ ഒരു വിഷയമുണ്ടാകുമ്പോള്‍ അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് നരേന്ദ്രമോദിയുടെ തന്നെ മുൻഗാമികൾ തന്നെ കാണിച്ചുതന്നിട്ടുളള പാഠം. എന്നാൽ രാജിവഴങ്ങില്ലെന്ന മോദി മന്ത്രിസഭയുടെ കിഴ്വഴക്കം രാജ്യത്തെ ജെൻസികൾക്ക് മുന്നിൽ അടിപതറിയിരിക്കുകയാണ്.
Content Highlights: Student protests have sparked the first wave of political pressure, reviving memories of the Atal Bihari Vajpayee era when several ministers stepped down, accepting moral responsibility over controversies and public accountability.