ഇറാനിൽ രഹസ്യ ആക്രമണം നടത്തി ​ബഹ്റൈനും കുവൈറ്റും; ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം മാറുന്നതായി റിപ്പോർട്ട്

ഇറാനിലെ ഡ്രോൺ, മിസൈൽ സംഭരണ കേന്ദ്രങ്ങളും മറ്റ് സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം

ഇറാനിൽ രഹസ്യ ആക്രമണം നടത്തി ​ബഹ്റൈനും കുവൈറ്റും; ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം മാറുന്നതായി റിപ്പോർട്ട്
dot image

പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ ​ഗൾഫ് രാജ്യങ്ങൾ രഹസ്യമായി സൈനിക നീക്കം നടത്തിയതായി റിപ്പോർട്ട്. ഈ മാസം ആദ്യം ബഹ്‌റൈനും കുവൈറ്റും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ രഹസ്യമായി വ്യോമാക്രമണം നടത്തിയതായാണ് അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിലെ ഡ്രോൺ, മിസൈൽ സംഭരണ കേന്ദ്രങ്ങളും മറ്റ് സൈനിക താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഓപ്പറേഷന്റെ ഭാഗമായി യുഎഇ ഇറാനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളും വ്യോമ പ്രതിരോധവും നൽകി. മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇറാനിൽ നിന്ന് തുടർച്ചയായ ആക്രമണങ്ങൾ നേരിടേണ്ടി വന്നതോടെയാണ് തിരിച്ചടിക്കാൻ ബഹ്‌റൈനും കുവൈറ്റും തീരുമാനിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. അമേരിക്കൻ, യൂറോപ്യൻ നിർമ്മിത യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇതുവരെ ഇറാന്റെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഗൾഫ് രാജ്യങ്ങളുടെ പ്രതികരണത്തിൽ വലിയ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ഇറാനും പാശ്ചാത്യ രാജ്യങ്ങൾക്കുമിടയിൽ സന്തുലിതമായ നിലപാട് തുടരുകയാണ്. മുമ്പ് ഇറാനെതിരെ വ്യോമാക്രമണത്തിൽ പങ്കാളികളായ സൗദി അറേബ്യ, നിലവിലെ സാഹചര്യം പുനഃപരിശോധിച്ചു വരികയാണെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, ​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തിരിച്ചടി ആരംഭിച്ചതായി ഇറാന്റെ വിപ്ലവ ഗാർഡ് പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെയും ആമസോണിന്റെ ഡാറ്റാ സെന്ററിന് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇതേത്തുടർന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അമേരിക്കയ്ക്ക് സൈനിക നടപടികൾക്കായി താവളമൊരുക്കുന്ന ഏതൊരു ഗൾഫ് രാജ്യത്തെ കേന്ദ്രങ്ങളും തങ്ങളുടെ ന്യായമായ സൈനിക ലക്ഷ്യങ്ങളായിരിക്കുമെന്ന് ടെഹ്‌റാൻ ആവർത്തിച്ചു വ്യക്തമാക്കി.

Content Highlights: A report has claimed that Bahrain and Kuwait conducted a covert operation in Iran. If confirmed, the development could signal changing strategic approaches among Gulf nations and have implications for regional security.

dot image
To advertise here,contact us
dot image