

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച പുതിയ നടപടികള്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളുടെ വിദേശ വാണിജ്യ വായ്പകള്‍ക്കായി അനുവദിച്ച ഇളവുള്ള വിദേശനാണയ സ്വാപ്പ് സംവിധാനം വഴി 15 മുതല്‍ 25 ബില്യണ്‍ യുഎസ് ഡോളര്‍ വരെ അധിക വിദേശ നിക്ഷേപം ലഭിക്കാനിടയുണ്ട്. ഇതിലൂടെ ഹെഡ്ജിംഗ് ചെലവും കുറയും.
കൂടാതെ, സര്‍ക്കാര്‍ ബോണ്ടുകള്‍ക്കായുള്ള ഫുള്ളി അക്‌സസിബിള്‍ റൂട്ട് (FAR) വിപുലീകരിച്ചതും, ഹ്രസ്വകാല നിക്ഷേപങ്ങളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ പരിധി നീക്കിയതും ഇന്ത്യന്‍ സര്‍ക്കാര്‍ ബോണ്ടുകളിലേക്കുള്ള വിദേശ നിക്ഷേപം കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതുപോലെ, സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപ വരുമാനത്തിന് മേലുള്ള മൂലധന നേട്ട നികുതിയും വിത്ത്ഹോള്‍ഡിംഗ് നികുതിയും പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം, ഇന്ത്യന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് അനുകൂലമായി. ഇത് യാഥാര്‍ഥ്യമായാല്‍, അടുത്ത 12 മുതല്‍ 18 മാസത്തിനുള്ളില്‍ 10 മുതല്‍ 20 ബില്യണ്‍ യുഎസ് ഡോളര്‍ വരെ അധിക വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ 12 മുതല്‍ 18 മാസത്തിനിടെ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് പ്രധാന കാരണമായത് സാമ്പത്തിക അടിസ്ഥാനങ്ങളുടെ ദൗര്‍ബല്യമല്ല, മറിച്ച് വിദേശ മൂലധന ഒഴുക്ക് കുറഞ്ഞതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Recent RBI and government measures could attract billions in foreign capital, improve India's balance of payments, and ease pressure on the rupee by strengthening the country's external financial position, according to HDFC Mutual Fund