വാരാന്ത്യത്തിൽ ​ഗൾഫ് നാടുകളിൽ കാലാവസ്ഥ മാറും; ഒമാനും യുഎഇയും തണുക്കുമെന്ന് മുന്നറിയിപ്പ്

ഗൾഫ് മേഖലയിലുടനീളം ഈ വാരാന്ത്യത്തിൽ തികച്ചും വ്യത്യസ്തമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക

വാരാന്ത്യത്തിൽ ​ഗൾഫ് നാടുകളിൽ കാലാവസ്ഥ മാറും; ഒമാനും യുഎഇയും തണുക്കുമെന്ന് മുന്നറിയിപ്പ്
dot image

ജിസിസി രാജ്യങ്ങളിൽ ഈ വാരാന്ത്യത്തിൽ കനത്ത ചൂടും പൊടിക്കാറ്റും പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. ഒമാന്റെയും യുഎഇയുടെയും ചില ഭാഗങ്ങളിൽ മഴയും തണുത്ത കാലാവസ്ഥയും പ്രതീക്ഷിക്കുമ്പോൾ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ കൊടും ചൂടും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെടും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ വിവിധ രാജ്യങ്ങളിലെ തീരദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.

ഗൾഫ് മേഖലയിലുടനീളം ഈ വാരാന്ത്യത്തിൽ തികച്ചും വ്യത്യസ്തമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വേനൽക്കാലത്തിന്റെ പശ്ചാത്തലത്തിലും യുഎഇയിൽ മഴയ്ക്കും തണുപ്പുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നുമാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളിയാഴ്ച മുതൽ കിഴക്കൻ തീരങ്ങളിൽ താപനില നേരിയ തോതിൽ കുറയും. അതേസമയം പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ കാറ്റ് മൂലം പൊടിപടലങ്ങൾ ഉയരാനും അറേബ്യൻ ഗൾഫ് പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില.

അയൽരാജ്യമായ സൗദി അറേബ്യ കഠിനമായ വേനലിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ മധ്യ-കിഴക്കൻ പ്രവിശ്യകളിൽ താപനില 44 ഡിഗ്രി കടന്നേക്കാം. അസീർ, തായിഫ് തുടങ്ങിയ തെക്കുപടിഞ്ഞാറൻ മലയോരങ്ങളിൽ തണുത്ത കാലാവസ്ഥയായിരിക്കും. കുവൈറ്റിലും വേനൽച്ചൂട് കടുക്കും. വെള്ളിയാഴ്ച 46 ഡിഗ്രി രേഖപ്പെടുത്തുന്ന ചൂട് ഞായറാഴ്ചയോടെ 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നാണ് പ്രവചനം. ഞായർ, തിങ്കൾ ദിവസങ്ങളിൽ കുവൈറ്റിലെ തുറസ്സായ സ്ഥലങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ഖത്തറിലും വാരാന്ത്യത്തിൽ ഉടനീളം കടുത്ത ചൂടും ശക്തമായ കാറ്റും അനുഭവപ്പെടും. കാഴ്ച്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഖത്തറിൽ മറൈൻ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഒമാനിലെ ദോഫാർ മേഖലയിലും പർവതപ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അൽ ഹജർ പർവതനിരകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഒമാന്റെ ഉൾനാടൻ പ്രദേശങ്ങളായ അൽ ബുറൈമി, അൽ ദാഹിറ എന്നിവിടങ്ങളിൽ നേരിയ പൊടിപടലങ്ങൾ ഉയർന്നേക്കാം. വരും ദിവസങ്ങളിൽ ജിസിസിയിലെ തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വലിയ തോതിൽ ഉയരാനും സാധ്യതയുണ്ട്.

Content Highlights: Meteorological authorities have forecast a shift in weather conditions across parts of the Gulf region during the weekend. Oman and the UAE are expected to experience relatively cooler temperatures and changing weather patterns, prompting residents to stay updated with official forecasts.

dot image
To advertise here,contact us
dot image