

പ്രാദേശിക സുരക്ഷാ ഭീഷണികളെത്തുടർന്ന് മാസങ്ങളായി നിർത്തിവെച്ചിരുന്ന കുവൈറ്റിലെ യുഎസ് എംബസിയുടെ പ്രവർത്തനം പൂർണ്ണതോതിൽ പുനരാരംഭിച്ചു. മേഖലയിലെ ഇറാൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്നായിരുന്നു എംബസിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
ഇറാനും യുഎസും ഇസ്രയേലും തമ്മിൽ തുടർച്ചയായി ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ മുൻനിർത്തി ഫെബ്രുവരി 28 നായിരുന്നു എംബസി ചില സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത്. തുടർന്നുണ്ടായ പുതിയ യാത്രാ-സുരക്ഷാ അറിയിപ്പിലാണ് കുവൈറ്റിലെ എംബസി പൂർവസ്ഥിതിയിലായതായും കോൺസുലർ, നയതന്ത്ര സേവനങ്ങൾ പുനരാരംഭിച്ചതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
യുഎസും ഇറാനും തമ്മിൽ നിലവിൽ ഉണ്ടായ ചില ധാരണകളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. ഇത് മേഖലയിൽ കൂടുതൽ വലിയൊരു യുദ്ധമുണ്ടാകുമെന്ന ഭീതി ഇല്ലാതാക്കുകയും ഗൾഫിലെ നയതന്ത്ര കാര്യാലയങ്ങൾക്ക് തങ്ങളുടെ പതിവ് പ്രവർത്തനങ്ങളിലേക്ക് ഘട്ടംഘട്ടമായി മടങ്ങിവരാൻ വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: The U.S. Embassy in Kuwait has reopened and resumed normal operations following a temporary disruption caused by security concerns. Embassy officials confirmed that consular services and routine activities have returned to normal.