

കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിക്കുന്നു. ജൂൺ 21 ശനിയാഴ്ച മുതൽ ദോഹ-കുവൈറ്റ് റൂട്ടിൽ വിമാനങ്ങൾ വീണ്ടും ചിറകുയർത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമമായതോടെ ഗൾഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനയായാണ് ഈ സുപ്രധാന തീരുമാനം വിലയിരുത്തപ്പെടുന്നത്.
ഗൾഫ് മേഖലയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര റൂട്ടുകളിലൊന്നായ ദോഹ-കുവൈറ്റ് സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. മേഖലയിലുണ്ടായ സുരക്ഷാ ആശങ്കകളെയും വ്യോമപാതാ നിയന്ത്രണങ്ങളെയും തുടർന്നായിരുന്നു സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നത്. ശനിയാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-4 കേന്ദ്രീകരിച്ചായിരിക്കും ഖത്തർ എയർവേസ് സർവീസുകൾ നടത്തുക.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രതിദിന സർവീസുകളാണ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ യാത്രാ ആവശ്യകത അനുസരിച്ച് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിയും അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും സർവീസുകൾ. വിമാന സർവീസുകൾ സാധാരണ നിലയിലാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരും.
അതേസമയം, യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപായി വിമാന സമയക്രമം പരിശോധിക്കാനും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ പാലിക്കാനും ഖത്തർ എയർവേസ് യാത്രക്കാരോട് അഭ്യർത്ഥിച്ചു.
Content Highlights: Qatar Airways is set to resume its Doha–Kuwait route services, bringing major relief to expatriates and travelers. The move is expected to improve regional connectivity and ease travel between the Gulf countries.