വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് UDF തീരുമാനിക്കും, UDF തീരുമാനിച്ചാൽ വിൽക്കും:മന്ത്രി ഷിബു ബേബി ജോൺ

ആരോപണം ഭയന്ന് പിന്മാറില്ലെന്നും മന്ത്രി

വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് UDF തീരുമാനിക്കും, UDF തീരുമാനിച്ചാൽ വിൽക്കും:മന്ത്രി ഷിബു ബേബി ജോൺ
dot image

പത്തനംതിട്ട: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്നണിക്കകത്ത് പ്രശ്‌നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. വി എം സുധീരന്‍ ആശയപരമായി പ്രശ്‌നം ഉന്നയിച്ചു. മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറഞ്ഞു. അതോടെ ആ വിഷയം തീര്‍ന്നു. വീണ്ടും അത് ആര്‍ക്കെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം എങ്കില്‍ പറയാം. സര്‍ക്കാരിനെ സംബന്ധിച്ച് ആ പ്രശ്‌നം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

വകുപ്പ് മന്ത്രി എവിടെയും വിമര്‍ശനമുന്നയിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് തീരുമാനിച്ചാല്‍ വില്‍ക്കും. ആരോപണം ഭയന്ന് പിന്മാറില്ല. വില്‍ക്കേണ്ട എന്നാണ് യുഡിഎഫില്‍ പൊതു അഭിപ്രായമെങ്കില്‍ വില്‍ക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനത്തിലേക്ക് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ അറിവോടെയല്ല ബജറ്റിലെ പ്രഖ്യാപനമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വി എം സുധീരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചിരുന്നു.

സര്‍ക്കാര്‍ നടപടി പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞിട്ടില്ലെന്നും അതിനുള്ളില്‍ അഴിമതിയുടെ ദുരൂഹതകള്‍ ഈ സര്‍ക്കാരിനെ വലയം ചെയ്തു കഴിഞ്ഞുവെന്നുമായിരുന്നു പിണറായി വിജയന്റെ വിമര്‍ശനം. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പലതും മറയ്ക്കാനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണവെ സർക്കാർ നടപടിയെ വിമർശിച്ച് വി എം സുധീരന്‍ വീണ്ടും രംഗത്തെത്തി. നിയമസഭയില്‍ പ്രൊപ്പോസല്‍ വരുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിതലത്തിലും യുഡിഎഫ് തലത്തിലും ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു അഭികാമ്യമെന്നായിരുന്നു സുധീരന്‍ പറഞ്ഞത്.

Content Highlights- Minister Shibu Baby John stated that the UDF will decide whether low alcohol beverages should be sold. He said that if the UDF approves the proposal, the sale of such beverages will be allowed

dot image
To advertise here,contact us
dot image