

കുവൈറ്റ്–ഒമാൻ വിമാന സർവീസുകൾ ജൂൺ 25 വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ യാത്രാക്ലേശം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കുന്നത്. സർവീസുകൾ മുടങ്ങിയതോടെ പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.
സർവീസുകൾ പുനരാരംഭിക്കുമ്പോൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. മുൻപ് സർവീസുകൾ നടത്തിയിരുന്ന ടെർമിനൽ-1 ന് പകരമായി ഇനി മുതൽ ടെർമിനൽ-4 (T4) വഴിയായിരിക്കും ഒമാൻ എയർ വിമാനങ്ങൾ സർവീസ് നടത്തുക. അതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ ടെർമിനൽ മാറിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
വിമാനങ്ങളുടെ പുതുക്കിയ യാത്രാ സമയക്രമം, ടിക്കറ്റ് ബുക്കിങ് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ യാത്രക്കാർ ഒമാൻ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണം. കൂടാതെ, കൂടുതൽ സഹായങ്ങൾക്കായി എയർലൈനിന്റെ കസ്റ്റമർ കെയർ സെന്ററുമായി നേരിട്ട് ബന്ധപ്പെടാമെന്നും ഒമാൻ എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Kuwait–Oman flight operations are set to resume from tomorrow following revisions to regional airspace regulations. The resumption will benefit travelers, strengthen air connectivity, and support business and tourism links between Kuwait and Oman.