

മാനന്തവാടി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമെന്ന നിലയിൽ ശ്രദ്ധ പിടിച്ചുപറ്റിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷൻ ഡിസംബർ 20 മുതൽ 23 വരെ മാനന്തവാടി ദ്വാരകയിൽ നടക്കും. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11നാണ്. ഈ വർഷത്തെ WLF എഡിഷനിൽ പങ്കെടുക്കുന്ന എഴുത്തുകാരുടെയും, കലാകാരന്മാരുടേയും പ്രമുഖ വ്യക്തികളുടെയും വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. സംവാദങ്ങൾ, സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ, കഥയരങ്ങ്, കവിയരങ്ങ് എന്നിവയ്‌ക്കൊപ്പം വിപുലമായ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യരംഗത്തും അക്കാദമികരംഗത്തും ആഗോളപ്രശസ്തരായ നിരവധി പേർ അന്താരാഷ്ട്ര അക്കാദമിക കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി വയനാട്ടിൽ എത്തിച്ചേരും. മുൻവർഷങ്ങളിലെപ്പോലെ കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിജാഗ്രത, കർഷകരുടെയും ആദിവാസികളുടെയും ഉപജീവനാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഇത്തവണയും ചർച്ച ചെയ്യപ്പെടുമെന്നാണ് ഫെസ്റ്റിവൽ ഡയറക്ടറായ ഡോ വിനോദ് കെ ജോസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാാക്കിയത്.
'ചിന്തിക്കാനും സംസാരിക്കാനും കേൾക്കാനും സാഹിത്യം വായിക്കാനുമായി ലോകം മുഴുവൻ വീണ്ടും ഒരു വയനാടൻ ഗ്രാമത്തിലേക്ക് വരികയാണ്. അതിലൂടെ ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കപ്പെടുമ്പോൾ സംസ്‌കാരികമായ പുതിയ ഇടപെടലുകൾ സാധ്യമാവുന്നു. വയനാടൻ ജനതയ്ക്ക് പ്രത്യാശയും ശുഭാപ്തിവിശ്വാസവും നൽകുകയെന്നതാണ് ഈ സാഹിത്യോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വയനാടിന്റെ അതിജീവനശേഷിയും ആത്മാവിഷ്‌കാരവും പ്രദർശിപ്പിക്കാനുള്ള അപൂർവ അവസരം കൂടിയാണിത്' എന്നായിരുന്നു WLFൻ്റെ മൂന്നാം എഡിഷൻ്റെ കാഴ്ചപ്പാട് പങ്കുവെച്ച് ഫെസ്റ്റിവൽ ഡയറക്ടറായ ഡോ. വിനോദ് കെ ജോസ് അഭിപ്രായപ്പെട്ടത്. സാഹിത്യോത്സവത്തോടനുബന്ധിച്ച് ആർട് ആൻഡ് ക്രാഫ്റ്റ് ഫെയർ, ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, ഭക്ഷ്യമേള, കാർഷികവിപണി, പൈതൃകനടത്തം, ആർട് ബിനാലെ, കുട്ടികളുടെ വിനോദ-വിജ്ഞാനക്കളരി, മാസ്റ്റർ ക്ലാസുകൾ, കേരളത്തിലെ ഏറ്റവും മികച്ച കോളേജ് മാഗസിൻ പുരസ്‌കാരം എന്നിവയും ഈ വർഷം സംഘടിപ്പിക്കുന്നുണ്ട്. റെസ്പോൺസിബിൾ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് പകരാനും വയനാടിന്റെ സാമ്പത്തിക-സാംസ്‌കാരിക മേഖലകളിൽ വലിയ ഉണർവ് സൃഷ്ടിക്കാനും ഈ സാഹിത്യോത്സവം വലിയൊരു വേദിയാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കാരവൻ മാഗസിന്റെ മുൻ എഡിറ്ററും മുതിർന്ന പത്രപ്രവർത്തകനുമായ ഡോ. വിനോദ് കെ. ജോസാണ് വയനാട് സാഹിത്യോൽസവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടർ. എഴുത്തുകാരൻ വി.എച്ച്. നിഷാദ്, പ്രമുഖ പത്രപ്രവർത്തക ലീന ഗീതാ രഘുനാഥ് എന്നിവർ ക്യുറേറ്റർമാരാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ഓഫറിൽ ഡെലിഗേറ്റ് പാസ്സ് 799 രൂപയും, പ്രതിദിന ടിക്കറ്റ് 50 രൂപയുമാണ്. മലയോര മേഖലയിലെ 260 പബ്ലിക് ലൈബ്രറികൾ ഈ വർഷം ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ കമ്മ്യൂണിറ്റി പാർട്ണർമാരാണ്.
'കണ്ടു കണ്ടാണ് കടൽ ഇത്ര വലുതായത് എന്നു പറയുന്നതുപോലെ, വിവിധ നാടുകളിൽ നിന്നുള്ള ആളുകൾ കണ്ടും പങ്കെടുത്തുമാണ് വയനാട് സാഹിത്യോത്സവം ഇത്രയും വലിയ ഒരു കൂട്ടായ്മയും ആഘോഷവുമായി മാറിയത്. വിവിധ ജനവിഭാഗങ്ങളെ പ്രധിനിധീകരിക്കുന്ന മനുഷ്യർ പങ്കെടുക്കുന്ന ഇടമാണ് WLF. മറ്റു ലിറ്ററേച്ചർ ഫെസ്റ്റിവലുകളിൽ ഇല്ലാത്ത ഒരു ജൈവിക സ്പർശം ഇവിടെയുണ്ട് എന്ന് WLF ന്റെ മുഖമുദ്രകളായ ഹെറിറ്റേജ് വാക്കും ക്യാമ്പ് ഫയർ റീഡിങ്സുകളും തെളിയിക്കുന്നു. കൂടുതൽ കൗതുകങ്ങളും അത്ഭുതങ്ങളും നൽകുന്നതാവും ഇനി വരുന്ന ഇതിന്റെ എഡിഷനുകൾ' എന്നായിരുന്നു ക്യൂറേറ്റർമാരിൽ ഒരാളായ വി എച്ച് നിഷാദ് പറഞ്ഞത്. 'WLF-നോട് ജനങ്ങൾക്കുള്ള ആദരവും സ്നേഹവും കാണുമ്പോഴാണ് ഈ സാഹിത്യോത്സവത്തിന്റെ സാമൂഹ്യ സാംസ്കാരിക പ്രസക്തി കൂടുതൽ പ്രകടമാകുന്നത്. ജനഹൃദയങ്ങളിൽ ഇത്രയേറെ ആഴത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ WLF നു കഴിഞ്ഞു എന്നത് ഈ ഉത്സവത്തിന്റെ സ്വതന്ത്രമായ നിലപാടിനും, മികവുറ്റ ഉള്ളടക്കത്തിനും, അത് മുന്നോട്ടുവെക്കുന്ന ശക്തമായ രാഷ്ട്രീയത്തിനും തെളിവാണെന്ന്' മറ്റൊരു ക്യൂറേറ്ററായ ലീന ഗീതാ രഘുനാഥ് അഭിപ്രായപ്പെട്ടു.
ബിനാലെ സങ്കൽപത്തിൽ ഒന്നിടവിട്ട വർഷങ്ങളിൽ ഡിസംബറിൽ വയനാട്ടിൽ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വർഷവും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും സിനിമാപ്രവർത്തകരും കലാകാരന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫെസ്റ്റിവൽ നടത്തിപ്പിനായി ജൂലൈ 11-ന് ബുധനാഴ്ച 4 മണിക്ക് മാനന്തവാടി ദ്വാരക കാസാ മരിയയിൽ വച്ച് ചേരുന്ന ഓർഗനൈസിംഗ് കമ്മറ്റി രൂപീകരണയോഗത്തിൽ വയനാട്ടിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹികരംഗത്തെ പ്രമുഖർ, സ്ഥാപനമേധാവികൾ, സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തകർ, യുവജന, സ്ത്രീ-സംഘടനാ പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ അംഗങ്ങൾ എന്നിവരടക്കമുള്ള എല്ലാ അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് അഭ്യർത്ഥിച്ചു.
2022-ലും 2024-ലും വിജയകരമായി നടത്തി സാഹിത്യാസ്വാദകരുടെയും നിരൂപകരുടെയും പൊതുജനങ്ങളുടെയും പ്രശംസ നേടിയതാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ. 2024-ൽ നടന്ന ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ ഒരുലക്ഷത്തി പതിനായിരത്തിലധികം ആളുകളാണ് നേരിട്ട് പങ്കെടുത്തത്. കൂടാതെ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഫെസ്റ്റിവലിന്റെ ഉള്ളടക്കം ലോകമെമ്പാടുമുള്ള ഏഴ് കോടിയിലധികം (70 മില്യൺ) ആളുകളിലേക്ക് എത്തിച്ചേരുകയും വൻ ഡിജിറ്റൽ ഫൂട്ട്പ്രിന്റ് സൃഷ്ടിക്കുകയും ചെയ്തിരുന്നു. 2022-ൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും 2024-ൽ ബഹുമാനപ്പെട്ട കർണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യയുമാണ് WLF ഉദ്ഘാടനം ചെയ്തത്.
Content Highlights: Wayanad Literature Festival is a vibrant literary event held in Kerala that brings together writers, poets, thinkers, and cultural enthusiasts. The festival features engaging discussions, book launches, storytelling sessions, and cultural programs, celebrating literature and creativity in the scenic district of Wayanad.