

ത്യാഗസ്മരണ പുതുക്കിയും തക്ബീർ ധ്വനികളുയർത്തിയും ഗൾഫ് രാജ്യങ്ങളിലെ വിശ്വാസി സമൂഹം ബലിപെരുന്നാൾ ആഘോഷ നിറവിൽ. സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളിലും ഈദ്ഗാഹുകളിലും അതിരാവിലെ തന്നെ സ്വദേശികളും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേർന്നു. ഭരണാധികാരികൾ ജനങ്ങൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.
സൗദി അറേബ്യയിലെ മസ്ജിദുൽ ഹറാമിൽ നടന്ന ഈദ് നമസ്കാരത്തിന് ഹറം ഇമാം ഡോ. ബന്ദർ ബലീല നേതൃത്വം നൽകി.
ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്ക് ആശംസ നേർന്ന സൽമാൻ രാജാവ്, തീർഥാടകരെ പരിപാലിക്കാൻ കഴിഞ്ഞതിൽ രാജ്യം അഭിമാനിക്കുന്നതായി വ്യക്തമാക്കി.
ഖത്തറിൽ കടുത്ത ചൂടിന് അൽപ്പം ശമനം നൽകിയ പ്രഭാതത്തിൽ 733 കേന്ദ്രങ്ങളിലായി പതിനായിരക്കണക്കിന് വിശ്വാസികൾ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. ഖത്തർ എജുക്കേഷൻ സിറ്റി സ്റ്റേഡിയം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഔഖാഫിന്റെ നേതൃത്വത്തിൽ മലയാളത്തിൽ ഖുതുബ പരിഭാഷയും ഒരുക്കിയിരുന്നു.
ഒമാനിൽ സുഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ മലയാളി കൂട്ടായ്മകളായ കെഎംസിസി, എസ്‌ഐസി, സമസ്ത എന്നിവയുടെ നേതൃത്വത്തിൽ വിപുലമായ ഈദ് ഗാഹുകൾ നടന്നു. മബേലയിൽ മുസ്തഫ റഹ്മാനിയും റൂവിയിൽ ഹാഷിം മൗലവിയും, ഹനീഫ് ഫാറൂഖിയും, ഷക്കീർ സഖാഫിയും ഒമാനിലെ വിവിധ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകി.
കുവൈറ്റിൽ പുലർച്ചെ 5.05 ന് നടന്ന പെരുന്നാൾ നമസ്കാരത്തിൽ സ്വദേശികളും വിദേശികളുമായ വലിയ ജനവലി പങ്കെടുത്തു. കുവൈറ്റിൽ കർശനമായ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് സജ്ജമാക്കിയ കേന്ദ്രങ്ങളിൽ ബലികർമ്മങ്ങളും വിതരണവും സജീവമായി നടന്നു.
ബഹ്‌റൈനിൽ ഹമദ് രാജാവും കിരീടാവകാശിയും പരസ്പരം ആശംസകൾ കൈമാറുകയും രാജ്യത്തിന്റെ സാംസ്കാരിക പുരോഗതിയെ പ്രകീർത്തിക്കുകയും ചെയ്തു. ഈജിപ്ത്, ജോർദാൻ, മലേഷ്യ തുടങ്ങിയ വിവിധ അന്താരാഷ്ട്ര നേതാക്കളുമായി ബഹ്‌റൈൻ രാജാവ് പെരുന്നാൾ ആശംസകൾ പങ്കുവെച്ചു.
Content Highlights: Gulf countries celebrated Eid Al Adha with prayers and festive gatherings across the region. Rulers and leaders extended Eid greetings to citizens, residents, and the wider Muslim community.