

പ്രവാസി ലീഗൽ സെൽ സ്വിറ്റ്സർലാൻഡ് കോർഡിനേറ്ററായി അഡ്വ. എബി തോമസ് മണിമല നിയമിതനായി. സ്വിറ്റ്സർലാൻഡിലെ ഇന്ത്യൻ എംബസ്സിയിൽ ട്രേഡ് ആൻഡ് കോമേഴ്‌സ് വിങ്ങിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന എബി, ഇന്ത്യയിലെ നിയമബിരുദത്തിനുശേഷം സ്വിറ്റ്സർലാൻഡിൽ നിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്.
യൂറോപ്പിയൻ രാജ്യങ്ങളിലേക്ക് നിരവധിയായ പ്രവാസികൾ പഠനത്തിനും ജോലിക്കും മറ്റുമായി വ്യാപകമായി കുടിയേറുന്ന സാഹചര്യത്തിൽ അഡ്വ. എബി തോമസ് മണിമലയുടെ സഹകരണത്തോടെ യൂറോപ്പിലാകമാനമുള്ള പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ പ്രവാസികൾക്കു സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻ്റെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി കേന്ദ്ര സർക്കാരിനുള്ള നിർദേശവും ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നൽകിയിട്ടുണ്ട്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്ക് ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Adv. Aby Thomas Manimala has been named the Switzerland coordinator of the Pravasi Legal Cell. The appointment is expected to enhance legal assistance and support activities for expatriates in Switzerland under the organisation’s global network.