

ബഹ്റൈന്‍- സൗദി കോസ്‌വേക്ക് പുറമെ പുതിയ കടല്‍ പാത കൂടി വരുന്നു. ഇത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈന്‍ പാര്‍ലെമെന്റ് അംഗീകാരം നല്‍കി. കോസ്‌വേയില്‍ തിരക്കോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബദല്‍ യാത്രമാര്‍ഗം എന്ന നിലയിലാണ് പുതിയ പാത സജ്ജമാക്കുന്നത്.
ബഹ്‌റൈനെയും സൗദി അറേബ്യയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോസ്‌വേയിലൂടെ ദിവസവും നിരവധി യാത്രക്കാരാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നത്. ഇതിനൊപ്പം മറ്റൊരു പാത കൂടി നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ് ബഹ്‌റൈന്‍ ഭരണകൂടം. അടിയന്തര ബദല്‍ യാത്രാമാര്‍ഗം എന്ന നിലയില്‍ സജ്ജമാക്കുന്ന പുതിയ പാതക്ക് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
കോസ്‌വേയിലൂടെയോ വിമാനമാര്‍ഗമോ ഉള്ള യാത്രക്ക് തിരക്കോ മറ്റ് തടസ്സങ്ങളോ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ പൗരമാര്‍ക്കും താമസക്കാര്‍ക്കും ആശ്രയിക്കാവുന്ന സുരക്ഷിതമായ ഒരു ബദല്‍ സംവിധാനമെന്ന നിലയിലാണ് ഇത് നിര്‍മിക്കുകയെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് സല്‍മാന്‍ അല്‍ മുസല്ലം വ്യക്തമാക്കി. ഏത് സാഹചര്യത്തിലും ജനങ്ങളുടെ യാത്ര സൗകര്യം തടസ്സപ്പെടാതിരിക്കാന്‍ വിശ്വസനീയമായ മാര്‍ഗ്ഗം രാജ്യത്തിന് ഉണ്ടെന്ന് ഉറപ്പക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് ഇതു വഴി എത്തിച്ചേരാനാകും. സര്‍വിസ് നിലവില്‍ വരുന്നതോടെ കോസ്വേയിലെ ഗതാഗത കുരുക്കും ഒഴിവാക്കാനാകും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പാസഞ്ചര്‍ ഫെറി സര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പുതിയ പദ്ധതികള്‍ ഭാവിയില്‍ സമുദ്ര ഗതാഗതം, ടൂറിസം, നിക്ഷേപം എന്നീ മേഖലകള്‍ക്ക് കൂടുതല്‍ വികസനത്തിന് വഴിവക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: A new sea route is being planned alongside the Bahrain–Saudi Arabia Causeway to provide an alternative travel option and ease congestion.