പൂഞ്ഞാറിലും വോട്ടിന് പണം? ബിജെപി നേതാവ് പണം നല്‍കുന്ന ദൃശ്യം റിപ്പോര്‍ട്ടറിന്; പരാതി നല്‍കി സിപിഐഎം

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്

പൂഞ്ഞാറിലും വോട്ടിന് പണം? ബിജെപി നേതാവ് പണം നല്‍കുന്ന ദൃശ്യം റിപ്പോര്‍ട്ടറിന്; പരാതി നല്‍കി സിപിഐഎം
dot image

കോട്ടയം: പാലക്കാടിന് പിന്നാലെ കോട്ടയം പൂഞ്ഞാറിലും വോട്ടിന് പണം നല്‍കിയെന്ന് ആരോപണം. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പതിനേഴാം ബൂത്തിലെ ബിജെപി മണ്ഡലം ഭാരവാഹി പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുഹമ്മദ് ഷാജി എം എ ആണ് പണം നല്‍കുന്നത്.

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും സിപിഐഎം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പാലക്കാടിലെ വോട്ടിന് കോഴ വിവാദത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്. കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധികള്‍ക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആര്‍. മുരളീധരന്‍ കെപിയുടെ പരാതിയിലാണ് കേസെടുത്തത്.

'എന്‍ഡിഎ പ്രതിനിധികളായ പ്രതികള്‍ കണ്ണാടി തരുവക്കുറുശ്ശി എന്ന സ്ഥലത്തുള്ള പടിഞ്ഞാമുറി വീട്ടിലെ ദേവു എന്ന സ്ത്രീക്ക് പണം പാരിതോഷികമായി നല്‍കി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി' എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്‍ഡിഎ പ്രവര്‍ത്തകയായ സ്ത്രീ ദേവു എന്ന വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു പുറത്ത് വിട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും.

ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.

Content Highlights: BJP leader from Kottayam Poonjar give money for vote visuals circulated

dot image
To advertise here,contact us
dot image