

ന്യൂ ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനും തൃണമൂൽ എംപിമാരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വാക്‌പോരെന്ന് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്കിടെ തങ്ങളോട് ഇറങ്ങിപ്പോകാൻ ഗ്യാനേഷ് കുമാർ ആവശ്യപ്പെട്ടുവെന്ന് തൃണമൂൽ എംപിമാരും, എംപിമാർ ബഹളം വെച്ചുവെന്ന് കമ്മീഷനും ആരോപിച്ചു.
തൃണമൂൽ എംപിമാരായ ഡെറിക് ഒബ്രിയൻ, സാഗരിക ഘോഷ്, സാകേത് ഗോഖലെ, മേനക ഗുരുസ്വാമി എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കാലത്ത് 10 മണിയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. ഗ്യാനേഷ് കുമാറും മറ്റ് രണ്ട് കമ്മീഷണർമാരും ആയിട്ടായിരുന്നു കൂടിക്കാഴ്ച. ഇതിനിടെ ഗ്യാനേഷ് കുമാർ തങ്ങളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെന്നാണ് തൃണമൂൽ എംപിമാരുടെ ആരോപണം. എംപിമാർ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി എന്നാണ് കമ്മീഷന്റെ ആരോപണം.
തങ്ങളുടെ സംഘം മമത ബാനർജി എഴുതിയ ഒമ്പത് കത്തുകൾ കമ്മീഷന് കൈമാറി എന്നാണ് തൃണമൂൽ എംപിമാർ പറയുന്നത്. ഇവയൊന്നും കമ്മീഷൻ മുഖവിലയ്‌ക്കെടുത്തില്ല എന്നും എംപിമാർ ആരോപിച്ചു. ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ബിജെപി ബന്ധവും എംപിമാർ കമ്മീഷന് മുൻപാകെ ചൂണ്ടിക്കാട്ടി. ഇവരെ സ്ഥലംമാറ്റണമെന്നും ആവശ്യപ്പെട്ടു. ഇത് കേട്ടതോടെയാണ് ഗ്യാനേഷ് കുമാർ തങ്ങളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് എന്നാണ് തൃണമൂൽ എംപിമാരുടെ വാദം. എല്ലായ്‌പോഴും ഗ്യാനേഷ് കുമാർ മാത്രമാണ് സംസാരിച്ചത് എന്നും മറ്റുള്ളവർ മിണ്ടാതെ ഇരിക്കുകയായിരുന്നു എന്നും എംപിമാർ പറഞ്ഞു.
എന്നാൽ തൃണമൂൽ എംപിമാർ അനാവശ്യമായി ബഹളമുണ്ടാക്കി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ഡെറിക്ക് ഒബ്രെയ്ൻ ആണ് ബഹളമുണ്ടാക്കിയത്. പലപ്പോഴുമായി മര്യാദ പാലിക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കേട്ടില്ല. ഒച്ചപ്പാടുണ്ടാക്കുന്നത് നല്ലതല്ല എന്നും കമ്മീഷൻ പറഞ്ഞു. ഇതിനിടെ ഇപ്രാവശ്യത്തെ ബംഗാൾ തെരഞ്ഞെടുപ്പ് സുതാര്യവും അക്രമരഹിതവും ആകണമെന്നും കമ്മീഷൻ തൃണമൂൽ നേതാക്കളോട് ആവശ്യപ്പെട്ടു.
Content Highlights: Verbal clash reported between Election Commission and Trinamool MPs during meeting, indicating rising political tensions.