

ദുബായ്: പുതുവർഷത്തെ വന്‍ ആഘോഷത്തോടെ വരവേറ്റ് യുഎഇയും. ദുബായ്, അബുദാബി, റാസൽ ഖൈമ തുടങ്ങിയ എല്ലാ എമിറേറ്റ്സുകളിലും വർണാഭമായ ആഘോഷങ്ങള്‍ അരങ്ങേറി. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളും താമസക്കാരും ഈ വിസ്മയക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു. ദുബായിൽ 40-ലധികം കേന്ദ്രങ്ങളിലായി 48 വെടിക്കെട്ടുകൾ അരങ്ങേറി. പതിവ് പോലെ ബുർജ് ഖലീഫയിലെ ലേസർ, എൽഇഡി, ഫയർവർക്സ് ഷോ ആഗോള ശ്രദ്ധ നേടി. ബുർജ് അൽ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, അറ്റ്ലാന്റിസ് ദി പാം, ബ്ലൂവാട്ടേഴ്സ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ഇടങ്ങളും ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി.
ഗ്ലോബൽ വില്ലേജിൽ ഏഴ് തവണ വെടിക്കെട്ടും ഡ്രോൺ ഷോയും നടന്നു. ചൈന, തായ്‌ലൻഡ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, യുഎഇ, തുർക്കി എന്നീ രാജ്യങ്ങളുടെ പുതുവർഷാഘോഷങ്ങൾ അനുസ്മരിച്ചാണ് ഈ കൗണ്ട്ഡൗണുകൾ സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളും കലാപരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടി.
റാസല്‍ ഖൈമയിലെ വെടിക്കെട്ട് കാണാന്‍ ഇത്തവണയും ജനലക്ഷങ്ങളാണ് എത്തിയത്. ആറ് കിലോമീറ്റര്‍ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് കരിമരുന്ന് പ്രയോഗം നടത്തി ഈ വര്‍ഷവും റാസല്‍ഖൈമ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചു. 2300 ഡ്രോണുകള്‍ അണിനിരത്തിയുളള ഡ്രോണ്‍ ഷോയും ലേസര്‍ ഷോയും കാണികള്‍ക്ക് വ്യതസ്ത അനുഭവം പകര്‍ന്നു.
അബുദാബിയിലെ ഷെയ്ഖ് സാദിദ് ഫെസ്റ്റിവല്‍ മൈതാനവും ആഘോഷത്തിന്റെ പ്രധാന വേദികളില്‍ ഒന്നായിരുന്നു. 62 മിനിറ്റ് നീണ്ട് നിന്ന തുടര്‍ച്ചയായ വെടിക്കെട്ടായിരുന്നു ഇത്തവണത്തെ ആകര്‍ഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ യുഎഇയില്‍ എത്തിയിരുന്നു.
Content Highlights: UAE New Year 2026 Celebrations Record Breaking Fireworks Drone Shows Dubai Ras Al Khaimah