

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള പ്രതിരോധ മേഖലയിലെ സഹകരണവും സൈനിക ഏകോപനവും കൂടുതൽ ശക്തമാക്കാൻ ധാരണ. ഇരുരാജ്യങ്ങളുടെയും സംയുക്ത സൈനിക സമിതിയുടെ 21-ാമത് യോഗം ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ആസ്ഥാനത്ത് വിജയകരമായി സമാപിച്ചു. പ്രതിരോധ സജ്ജീകരണങ്ങളും തന്ത്രപ്രധാന സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ബഹ്‌റൈൻ പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമിയും അമേരിക്കൻ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് ഡിഫൻസ് മൈക്കൽ ഡിമിനോയും യോഗത്തിന് നേതൃത്വം നൽകി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സൗഹൃദവും പങ്കാളിത്തവും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികൾ യോഗം വിലയിരുത്തി. പ്രത്യേകിച്ചും വരും നാളുകളിൽ സൈനിക പരിശീലനങ്ങളും സുരക്ഷാ സഹകരണവും വിപുലമാക്കുന്നതിന് ഊന്നൽ നൽകാനാണ് തീരുമാനം.
ചർച്ചകൾക്ക് ഒടുവിൽ 21-ാമത് സംയുക്ത യോഗത്തിന്റെ ഔദ്യോഗിക മിനിറ്റ്സിൽ ഇരുപക്ഷവും ഒപ്പുവെച്ചു. ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിലെ ഉയർന്ന സൈനിക ഉദ്യോഗസ്ഥരും യുഎസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മേഖലാ സുരക്ഷ ഉറപ്പാക്കുന്നതിലും സാങ്കേതിക മുന്നേറ്റങ്ങൾ പങ്കുവെക്കുന്നതിലും ബഹ്‌റൈൻ-യുഎസ് പ്രതിരോധ സഖ്യം നിർണ്ണായക പങ്കാണ് വഹിക്കുന്നത്.
Content Highlights: Bahrain and the United States have completed their 21st joint military committee meeting. Discussions focused on strengthening military coordination, defence cooperation and developing bilateral ties in the military sector.