വൈകുന്നേരമാകുമ്പോൾ ചെരുപ്പ് മുറുകുന്നുണ്ടോ? കാലിലെ ഈ മാറ്റം നിസാരമാക്കരുത്

ദിവസംമുഴുവന്‍ കാലുകള്‍ തൂക്കിയിട്ടിരുന്നതുകൊണ്ട് മാത്രമായിരിക്കില്ല നീര് വന്നത്

വൈകുന്നേരമാകുമ്പോൾ ചെരുപ്പ് മുറുകുന്നുണ്ടോ? കാലിലെ ഈ മാറ്റം നിസാരമാക്കരുത്
dot image

രാവിലെ കാലില്‍ കൃത്യമായി ചേരുന്ന ഷൂസ് വൈകുന്നേരമാകുമ്പോള്‍ മുറുകുന്നു. സോക്‌സിന്റെ പാടുകള്‍ കാലില്‍ പതിഞ്ഞുകിടക്കുന്നു. അതുപോലെ മോതിരം ഊരാന്‍ പോലും ബുദ്ധിമുട്ട് തോന്നുന്നു. സാധാരണയായി ഇതെല്ലാം ദിവസംമുഴുവന്‍ ശരീരത്തിനുണ്ടാകുന്ന ചലനക്കുറവുകൊണ്ടാണെന്ന് കരുതി നമ്മള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശരീരം നല്‍കുന്ന ഒരു സൂചനയാണെന്ന് വേണം കരുതാന്‍.

ശരീരത്തിലെ കോശങ്ങള്‍ക്കിടയില്‍ ആവശ്യത്തിലധികം ദ്രാവകം അടിഞ്ഞുകൂടുന്നതാണ് എഡിമ (Edema). ഇത് ഒരു രോഗം എന്നതിലുപരി മറ്റൊരു ആരോഗ്യപ്രശ്‌നത്തിന്റെ ലക്ഷണമായും ഉണ്ടാകാം. കാലുകള്‍, കണങ്കാല്‍, പാദങ്ങള്‍ എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.

ചെരുപ്പ് മുറുകുന്നത് എന്തുകൊണ്ട്?

കാലുകളിലും പാദങ്ങളിലും ദ്രാവകം അടിഞ്ഞുകൂടുമ്പോള്‍ അവിടെ വീക്കം ഉണ്ടാകാം. അതോടെ പതിവായി ധരിക്കുന്ന ഷൂസ് മുറുകിയതായി തോന്നും. സോക്‌സ് അഴിച്ചശേഷം അതിന്റെ പാട് ഏറെ നേരം കാണുന്നതും ശ്രദ്ധിക്കേണ്ട മാറ്റമാണ്. ഇതോടൊപ്പം ചര്‍മ്മം വലിഞ്ഞതുപോലെയോ തിളങ്ങുന്നതുപോലെയോ തോന്നാം. കാലുകള്‍ക്ക് ഭാരം തോന്നുക, ചെറിയ അസ്വസ്ഥതയോ വേദനയോ ഉണ്ടാകുക തുടങ്ങിയവയും ഉണ്ടാകാം.

shoes feel tight by evening

എല്ലാ വീക്കവും എഡിമയാണോ?

അല്ല. ഏറെ നേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത്, കൂടുതല്‍ ഉപ്പ് കഴിക്കുന്നത്, ചില മരുന്നുകള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയും കാലില്‍ താല്‍ക്കാലിക വീക്കത്തിന് കാരണമാകാം. അതുകൊണ്ട് ഒരു ദിവസം മാത്രം കാലില്‍ വീക്കം കണ്ടതുകൊണ്ട് ഭയപ്പെടേണ്ടതില്ല. എന്നാല്‍ വീക്കം വീണ്ടും വീണ്ടും ഉണ്ടാകുകയോ ദിവസങ്ങളോളം തുടരുകയോ ചെയ്താല്‍ കാരണം പരിശോധിക്കണം.

ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രശ്‌നങ്ങളുമായി ബന്ധമുണ്ടാകാം

ചില സന്ദര്‍ഭങ്ങളില്‍ ഹൃദയം, വൃക്ക, കരള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ശരീരത്തില്‍ അധിക ദ്രാവകം അടിഞ്ഞുകൂടാന്‍ കാരണമാകാം. വൃക്കകള്‍ക്ക് അധിക ഉപ്പും വെള്ളവും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാതെ വരുമ്പോഴും വീക്കം ഉണ്ടാകാം.അതേസമയം, കാലിലെ വീക്കം കണ്ടാല്‍ ഹൃദയത്തിനോ വൃക്കകള്‍ക്കോ പ്രശ്‌നമുണ്ടെന്ന് അര്‍ഥമില്ല. കാരണം കണ്ടെത്തുകയാണ് പ്രധാനം.

shoes feel tight by evening

ഒരു കാലില്‍ മാത്രം പെട്ടെന്ന് വീക്കം വന്നാല്‍?

ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതാണ്. ഒരു കാലില്‍ മാത്രം പെട്ടെന്ന് വീക്കവും വേദനയും ഉണ്ടാകുന്നത് രക്തം കട്ടപിടിക്കുന്ന DVT (deep vein thrombosis) പോലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. അതിനാല്‍ ഇത്തരം വീക്കം പെട്ടെന്ന് ഉണ്ടാകുകയാണെങ്കില്‍ വൈദ്യസഹായം തേടണം.

ഈ ലക്ഷണങ്ങള്‍ക്കൊപ്പം വീക്കം വന്നാല്‍ ശ്രദ്ധിക്കണം

കാലിലെ വീക്കത്തോടൊപ്പം താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്

  • ശ്വാസംമുട്ടല്‍
  • നെഞ്ചുവേദനയോ നെഞ്ചില്‍ മുറുക്കമോ
  • പെട്ടെന്ന് ശരീരഭാരം കൂടുക
  • മുഖത്തും വയറിലും വീക്കം
  • വളരെ പെട്ടെന്ന് കൂടുന്ന വീക്കം
  • ഒരു കാലില്‍ മാത്രം വീക്കവും വേദനയും
  • ചര്‍മ്മം ചുവക്കുകയോ ചൂട് തോന്നുകയോ ചെയ്യുക

പ്രത്യേകിച്ച് ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ചുമയ്ക്കുമ്പോള്‍ രക്തം വരിക എന്നിവയ്ക്കൊപ്പം കാലില്‍ വീക്കം ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം.

shoes feel tight by evening

Also Read:

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ നേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. സാധിക്കുന്ന സമയത്ത് കാലുകള്‍ അല്‍പം ഉയര്‍ത്തിവയ്ക്കാം. ചെറിയ നടത്തം പോലുള്ള ലളിതമായ ചലനങ്ങളും സഹായിക്കും. വളരെ മുറുകിയ ഷൂസും സോക്‌സും ഒഴിവാക്കുന്നതാണ് നല്ലത്.
പക്ഷേ വീക്കം സ്ഥിരമായി തുടരുകയോ വീണ്ടും വീണ്ടും വരികയോ ചെയ്താല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം വീക്കത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തിയ ശേഷമാണ് ശരിയായ ചികിത്സ തീരുമാനിക്കേണ്ടത്.

( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാകില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights : Do your shoes feel tight by evening? Do not dismiss this change in your feet; the swelling may not be due solely to having your legs hanging down all day
dot image
To advertise here,contact us
dot image