

കരണ്‍ ജോഹര്‍ ചിത്രം 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അഞ്ജലി ആനന്ദ്. രണ്‍വീര്‍ സിങും ആലിയ ഭട്ടും ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിലും വെബ് സീരിസുകളിലും അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയെടുക്കാന്‍ അഞ്ജലിക്ക് സാധിച്ചു.
ഇപ്പോഴിതാ തന്റെ വണ്ണത്തിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഞ്ജലി. സംവിധായക ഫറാ ഖാന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലിയുടെ തുറന്നു പറച്ചില്‍. വണ്ണം കുറച്ചാല്‍ മാത്രമേ അവസരം കിട്ടുകയുളളൂവെന്ന് കാസ്റ്റിങ് ഡയറക്ടര്‍ പറഞ്ഞിട്ടുണ്ടെന്നാണ് അഞ്ജലി പറയുന്നു.
'ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു എനിക്ക് 2020ല്‍. അഭിനയം വേണ്ടെന്ന് വച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോകാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ ലോക്ഡൗണ്‍ വന്നു. കയ്യിലുള്ള പണവും തീര്‍ന്നു. ആറ് മാസത്തില്‍ എന്റെ സേവിങ്സ് ഒക്കെ തീര്‍ന്നിരുന്നു.

സുഹൃത്തുക്കള്‍ എന്നെ ഗോവയിലേക്ക് കൊണ്ടുപോയി. അതിനിടെ കാസ്റ്റിങ് ഡയറക്ടറുടെ മെസേജ് വന്നു. അവരെ ഞാന്‍ കാണുമ്പോഴൊക്കെ പറയാറുള്ളത് നീ വണ്ണം കുറച്ചാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാം എന്നായിരുന്നു. എന്നാല്‍ ചിത്രങ്ങളും ഓഡിഷനും കണ്ടപ്പോള്‍ കരണ്‍ ജോഹറിന് ഇഷ്ടപ്പെട്ടു അങ്ങനെയാണ് താന്‍ ചിത്രത്തിലേക്ക് എത്തിയത്'-അഞ്ജലി പറയുന്നു.
നടന്‍ ദിനേശ് ആനന്ദിന്റെ മകളാണ് അഞ്ജലി. താരപുത്രിയാണെങ്കിലും ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു അഞ്ജലിയ്ക്ക്. ധമാല്‍ 4 ആണ് അഞ്ജലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Content Highlights: Anjali openly admits that she has lost numerous opportunities because of her weight