

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,995 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 1,11,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. അതാണ് ഇന്ന് തിരിച്ചിറങ്ങിയത്.
അതേസമയം, രാജ്യത്തേക്കുള്ള ഔദ്യോഗിക സ്വർണ്ണ ഇറക്കുമതിയിൽ മെയ് മാസം മുതൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമാണോ എന്നതിൽ സംശയം പ്രകടിപ്പിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്. ഇറക്കുമതി കുറയുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി (CAD), പെയ്‌മെന്റ് ബാലൻസ് (BoP) എന്നിവയ്ക്ക് ആശ്വാസകരമാണെങ്കിലും, ഇതിന് പിന്നിൽ അപകടകരമായ പ്രത്യാഘാതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊട്ടക് വിലയിരുത്തുന്നു. ഇറക്കുമതിയിലെ ഈ കുറവിന് പിന്നിൽ പ്രധാനമായും മൂന്ന് സാഹചര്യങ്ങളാണ് കൊട്ടക് ചൂണ്ടിക്കാണിക്കുന്നത്.
മെയ് 13 മുതൽ പ്രാബല്യത്തിൽ വന്ന ഉയർന്ന ഇറക്കുമതി തീരുവ ആഭ്യന്തര വിപണിയിൽ സ്വർണ്ണവില 9 ശതമാനത്തോളം ഉയരാൻ കാരണമായി. ഇത് സാധാരണക്കാരുടെ സ്വർണ്ണ ഉപഭോഗത്തിൽ ശാശ്വതമായ കുറവുണ്ടാക്കിയേക്കാം. ആഗോള-ആഭ്യന്തര വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ സ്ഥിരത നിക്ഷേപം എന്ന നിലയിലുള്ള ആകർഷണീയത കുറച്ചു. ഗോൾഡ് ഇടിഎഫുകളിലേക്കുള്ള (Gold ETF) പണമൊഴുക്കിലെ ഇടിവ് ഇതിന്റെ പ്രതിഫലനമാണ്.
വിലവർദ്ധനവ് ഉൾക്കൊള്ളാൻ വിപണി എടുക്കുന്ന സാവകാശമോ, തീരുവ സർക്കാർ പിന്നീട് വെട്ടിക്കുറച്ചേക്കുമെന്ന ഭയമോ കാരണം ഉപഭോക്താക്കൾ വാങ്ങലുകൾ താത്കാലികമായി മാറ്റിവെച്ചതാകാം. സർക്കാർ തീരുവ കുറച്ചാൽ മുൻപത്തെപ്പോലെ ഇറക്കുമതി പഴയ നിലയിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.
ഉയർന്ന തീരുവ കാരണം ഔദ്യോഗിക മാർഗ്ഗങ്ങൾ വിട്ട് അനധികൃത വഴികളിലൂടെ (സ്വർണ്ണക്കള്ളക്കടത്ത്) വിപണിയിലേക്ക് സ്വർണ്ണമെത്താനുള്ള സാധ്യത വളരെ കൂടുതലാണ്. യഥാർത്ഥ ഇറക്കുമതി ഔദ്യോഗിക കണക്കുകളിൽ പ്രതിഫലിക്കാത്ത അവസ്ഥയാണിത്. ഇത് കസ്റ്റംസ് തീരുവയിലും ജിഎസ്ടി വരുമാനത്തിലും സർക്കാരിന് കനത്ത നഷ്ടമുണ്ടാക്കും.
ഇറക്കുമതി തീരുവ കുറയ്ക്കുകയും പകരം സ്വർണ്ണത്തിന്മേലുള്ള ജിഎസ്ടി വർദ്ധിപ്പിക്കുകയുമാണ് പ്രായോഗിക പരിഹാരമെന്ന് കൊട്ടക് ആവർത്തിക്കുന്നു. ഇത് കള്ളക്കടത്ത് തടയാനും, സർക്കാർ വരുമാനം സംരക്ഷിക്കാനും, വീടുകളിലിരിക്കുന്ന പഴയ സ്വർണ്ണം പുരയായിരിക്കുന്നത് (Gold recycling) പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
Content Highlights: Gold prices in Kerala recorded a slight decline today. The price of 22-carat gold fell by ₹15 per gram to ₹13,995 and by ₹120 per pavan to ₹1,11,960. The previous day had recorded an increase of ₹15 per gram and ₹120 per pavan.