

ബഹ്‌റൈനിലെ സൽമാൻ ടൗണിൽ 137 പുതിയ ഭവന യൂണിറ്റുകൾ കൂടി നിർമ്മിക്കുന്നു. ഗവൺമെന്റിന്റെ സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഈ വീടുകൾക്കായുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 'ഓഫ്-പ്ലാൻ' വിൽപ്പന രീതിയിലാണ് മൂന്ന് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്. ഭവന, നഗരാസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ച ഈ പദ്ധതിയിലൂടെ, നിലവിലുള്ള ഭവന ധനസഹായ പദ്ധതികൾ പ്രയോജനപ്പെടുത്തി സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കൂടുതൽ പൗരന്മാർക്ക് അവസരം ലഭിക്കും.
രാജ്യത്തെ വർദ്ധിച്ചുവരുന്ന ഭവന ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിന് സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് വലിയ നേട്ടമാകുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ആമ്ന അൽ റുമൈഹി വ്യക്തമാക്കി. രാജ്യത്തെ ഭവന ലഭ്യത വർദ്ധിപ്പിക്കുന്നതിൽ സൽമാൻ ടൗണിലെ ഈ പുതിയ പദ്ധതി നിർണ്ണായക ചുവടുവെപ്പാണ്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന രണ്ടാമത് 'സോഷ്യൽ ഹൗസിംഗ് ഇന്നൊവേഷൻ കോൺഫറൻസ് ആൻഡ് എക്സിബിഷന്' മുന്നോടിയായാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. വിവിധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ എന്നിവർ പങ്കെടുക്കുന്ന ഈ സംഗമത്തിൽ രാജ്യത്തെ ഭവന മേഖലയിലെ പുതിയ ആശയങ്ങളും പദ്ധതികളും ചർച്ച ചെയ്യും.
Content Highlights: Bahrain is set to add 137 new housing units in Salman Town as part of ongoing housing development efforts. The project is expected to expand residential options and support home ownership opportunities in the area. The new units will add to the housing stock available to eligible residents under Bahrain’s housing programmes.