ആ​ഗോളതലത്തിലെ സമുദ്ര​ ഗതാഗത പ്രതിസന്ധി; ബദൽ ചരക്ക് പാതകൾ സജ്ജമാക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റ്

ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യക്തമായ ബദൽ പദ്ധതികൾ വേണമെന്ന് ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി അംഗം ഹസൻ ഇബ്രാഹിം എംപി വ്യക്തമാക്കി

ആ​ഗോളതലത്തിലെ സമുദ്ര​ ഗതാഗത പ്രതിസന്ധി; ബദൽ ചരക്ക് പാതകൾ സജ്ജമാക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റ്
dot image

ലോകത്തെ പ്രധാന സമുദ്രപാതകളിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ ചരക്ക് നീക്കം സുഗമമാക്കാൻ അടിയന്തര ബദൽ പാതകളും സംവിധാനങ്ങളും സജ്ജമാക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റ് സർക്കാറിനോട് ആവശ്യപ്പെട്ടു. ചരക്കുകൂലി വർദ്ധനവും സാധനങ്ങൾ എത്തുന്നതിലെ കാലതാമസവും രാജ്യത്തെ വ്യാപാര മേഖലയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പാർലമെന്റും ശൂറ കൗൺസിലും ഈ ആവശ്യം ശക്തമാക്കിയത്.

ഹോർമുസ് കടലിടുക്കിലും ബാബ് അൽ മന്ദബിലും തുടർച്ചയായുണ്ടാകുന്ന പ്രതിസന്ധികൾ കാരണം കപ്പലുകൾ ദീർഘദൂര റോഡ് മാർഗ്ഗങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നിരുന്നു. ഇത് അവശ്യസാധനങ്ങളുടെ വരവ് തടസ്സപ്പെടാതെ കാത്തെങ്കിലും ഗതാഗതച്ചെലവ് കുത്തനെ ഉയരാൻ കാരണമായി. വൻകിട കമ്പനികളെക്കാൾ കൂടുതൽ ഇത്തരം സാമ്പത്തിക ഭാരം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെയാണ് പ്രതിസന്ധിയിലാക്കിയതെന്ന് പാർലമെന്റ് വിലയിരുത്തി.

ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വ്യക്തമായ ബദൽ പദ്ധതികൾ വേണമെന്ന് ഫോറിൻ അഫയേഴ്സ്, ഡിഫൻസ് ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റി അംഗം ഹസൻ ഇബ്രാഹിം എംപി വ്യക്തമാക്കി. ചരക്കുകൾ വാങ്ങുന്നതിനായി കൂടുതൽ രാജ്യങ്ങളെയും വിതരണക്കാരെയും ആശ്രയിക്കുക, തന്ത്രപ്രധാനമായ അടിയന്തര ഭക്ഷ്യ-ചരക്ക് സ്റ്റോക്കുകൾ വർദ്ധിപ്പിക്കുക, കടൽ മാർഗ്ഗം തടസ്സപ്പെട്ടാൽ ഉപയോഗിക്കാൻ തക്കവിധം റോഡ്, വ്യോമ, നാവിക പാതകൾ എപ്പോഴും സജ്ജമാക്കുക എന്നീ സുപ്രധാന ആവശ്യങ്ങളാണ് ജനപ്രതിനിധികൾ മുന്നോട്ടുവെച്ചത്.

അടിയന്തര സാഹചര്യങ്ങളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ ലളിതമാക്കണമെന്നും, ഉയർന്ന ചരക്കുകൂലി കാരണം പ്രതിസന്ധിയിലായ ചെറുകിട ഇറക്കുമതിക്കാർക്ക് സർക്കാറിന്റെ ഹ്രസ്വകാല സാമ്പത്തിക സഹായമോ ഗ്യാരണ്ടിയോ ലഭ്യമാക്കണമെന്നും ശൂറ കൗൺസിൽ സാമ്പത്തിക കാര്യ സമിതി അംഗം ഹിഷാം അൽ ഖസാബും ആവശ്യപ്പെട്ടു. സമുദ്രപാതകളിലെ ഭീഷണികളെ മറികടക്കാൻ റോഡ്, വ്യോമ ശൃംഖലകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന നിർദ്ദേശമാണ് പാർലമെന്റ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

Content Highlights: Amid ongoing disruptions to key maritime routes, Bahrain lawmakers have called for alternative land, air and sea cargo routes to ensure the continued flow of essential goods and strengthen supply-chain resilience.

dot image
To advertise here,contact us
dot image