പലരും നിസ്സാരമായി തള്ളിക്കളയുന്ന കരള്‍ തകരാറുകളുടെ 8 ലക്ഷണങ്ങള്‍

മിക്ക ആളുകളും ദൈനംദിന ആരോഗ്യ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കുന്ന പല കാര്യങ്ങളും യഥാര്‍ഥത്തില്‍ പല രോഗങ്ങളുടെയും മുന്നറിയിപ്പ് ലക്ഷണങ്ങളായിരിക്കാം

പലരും നിസ്സാരമായി തള്ളിക്കളയുന്ന കരള്‍ തകരാറുകളുടെ 8 ലക്ഷണങ്ങള്‍
dot image

കരള്‍ വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുന്നു, ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്നു, പോഷകങ്ങള്‍ സംഭരിക്കുന്നു, പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നു, കൂടാതെ എല്ലാ ദിവസവും നൂറുകണക്കിന് സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. അങ്ങനെ എത്ര കേടുപാടുകള്‍ ഉണ്ടായാലും കരള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും. രോഗം വഷളാകുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നത് പോലും.

എത്ര വിശ്രമിച്ചാലും മാറാത്ത ക്ഷീണം

ഇടയ്ക്കിടെ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ കരള്‍ രോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്ഷീണം വ്യത്യസ്തമാണ്. നന്നായി ഉറങ്ങിയതിന് ശേഷവും ക്ഷീണം നീണ്ടുനില്‍ക്കുകയും ദൈനംദിന ജോലികള്‍ ചെയ്യുന്നതിന് പോലും മടുപ്പുണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. കരള്‍ രോഗം ഗണ്യമായി പുരോഗമിച്ചിട്ടുണ്ടെങ്കിലാണ് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.

symptoms of liver damage

കാരണമില്ലാതെ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍

കാലാവസ്ഥ പ്രശ്‌നങ്ങള്‍, അലര്‍ജികള്‍, പ്രാണികള്‍ കടിക്കുക എന്നിവയൊക്കെക്കൊണ്ടാണ് സാധാരണയായി ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഉണ്ടാകുന്ന ചൊറിച്ചില്‍ കരള്‍ തകരാറിന്റെ ലക്ഷണമായിരിക്കാം. ശരീരത്തിലെ പിത്തരസത്തിന്റെ മോശമായ ഒഴുക്ക് രക്തത്തില്‍ പിത്തരസം അടിഞ്ഞുകൂടുവാന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തിലെ നാഡികളുടെ അഗ്രങ്ങളെ പ്രകോപിപ്പിക്കുന്നു. മോയ്‌സ്ചറൈസറും അലര്‍ജിക്കുള്ള മരുന്നുകളും ഉപയോഗിച്ചിട്ടും ചൊറിച്ചില്‍ മാറുന്നില്ല എങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

വലതുവശത്തെ വാരിയെല്ലുകള്‍ക്ക് താഴെ നേരിയ വേദന

കരള്‍ വാരിയെല്ലിന് താഴെ വലതുവശത്താണ് സ്ഥിതിചെയ്യുന്നത്. കരള്‍ രോഗത്തിന്റെ തുടക്ക ഘട്ടത്തില്‍ ഈ ഭാഗത്ത് ഭാരം, സമ്മര്‍ദ്ദം, അല്ലെങ്കില്‍ നേരിയ വേദന എന്നിവയുണ്ടാവാം. പലരും ഇതിനെ ഗ്യാസ്, പേശികളിലുണ്ടാകുന്ന പിരിമുറുക്കം എന്നിവയാണെന്ന് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റ് പല ലക്ഷണങ്ങളോടൊപ്പം ആവര്‍ത്തിച്ച് ഇവിടങ്ങളില്‍ വേദന വരികയാണെങ്കില്‍ അത് ഒരിക്കലും അവഗണിക്കരുത്.

കണങ്കാലുകളിലുണ്ടാകുന്ന നീര്

കണങ്കാലിന്റെ ഭാഗത്തുണ്ടാകുന്ന നീര്‍വീക്കം പലപ്പോഴും അധിക സമയം നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ കരള്‍ രോഗം വഷളാകുന്ന സാഹചര്യത്തില്‍ രക്തക്കുഴലുകളില്‍ ദ്രാവകം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആല്‍ബുമിന്റെ ഉത്പാദനം കരള്‍ കുറയ്ക്കുന്നു.തന്മൂലം ചുറ്റുമുള്ള കലകളിലേക്ക് ദ്രാവകം ഒഴുകാനിടയാക്കുകയും ഇത് പാദങ്ങളിലും കണങ്കാലിലും നീര്‍വീക്കമുണ്ടാക്കുകയും ചെയ്യുന്നു.

symptoms of liver damage

മൂത്രത്തിനുണ്ടാകുന്ന ഇരുണ്ട മഞ്ഞനിറം

ആവശ്യത്തിന് വെള്ളം കുടിച്ചിട്ടും കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം കാണപ്പെടുകയാണെങ്കില്‍ ശരീരത്തില്‍ ബിലിറൂബിന്റെ അളവ് കൂടുതലാണെന്ന് മനസിലാക്കാം. അതുപോലെതന്നെ അസാധാരണമാംവിധം വിളറിയതോ കറുത്തനിറത്തിലുള്ളതുമായ മലം പിത്തരസത്തിന്റെ ഒഴുക്ക് കുറയുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.

ഇടയ്ക്കിടെയുള്ള ഓക്കാനവും വിശപ്പില്ലായ്മയും

വിശപ്പില്ലായ്മയോ ഇടയ്ക്കിടെ ഓക്കാനം ഉണ്ടാകുന്നതോ, ദഹക്കുറവുകൊണ്ടോ വയറിലെ മറ്റെന്തെങ്കിലും അസ്വസ്ഥതകൊണ്ടോ ഉണ്ടാകുന്നതാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കരളിന് വീക്കം സംഭവിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ദഹനത്തെ ബാധിച്ചേക്കാം. ദിവസങ്ങളോളം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയോ അല്ലെങ്കില്‍ ശരീരഭാരം കുറയുകയോ ചെയ്യുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വിവരം പറയേണ്ടതാണ്.

ചര്‍മ്മത്തിലെ ചതവുകള്‍ അല്ലെങ്കില്‍ രക്തസ്രാവം

ശരീരത്തില്‍ ചതവിന്റേത് പോലുളള പാടുകളോ രക്തം കട്ടപിടിച്ചത് പോലുള്ള പാടുകളോ ഉണ്ടാവുകയാണെങ്കില്‍ അത് രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ കരള്‍ പാടുപെടുന്നതിന്റെ സൂചനയാകാം. ഈ ലക്ഷണങ്ങള്‍ കരള്‍ രോഗത്തിന് മാത്രമുണ്ടാകുന്നതല്ല എങ്കിലും മറ്റ് എന്തെങ്കിലും ലക്ഷണങ്ങള്‍ക്കൊപ്പം ഇവ കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.

കണ്ണുകളിലും ചര്‍മ്മത്തിലും മഞ്ഞ നിറം

മഞ്ഞപ്പിത്തം കരള്‍ രോഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ്. പക്ഷേ ഈ ലക്ഷണം പ്രത്യക്ഷപ്പെടുമ്പോഴേക്കും കരള്‍ തകരാറിലായിട്ടുണ്ടായിരിക്കും. മഞ്ഞപ്പിത്തം പോലുളള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് കരളിന് വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചിരിക്കാം. പ്രത്യേകിച്ച് പ്രമേഹം അമിതവണ്ണം എന്നിവയുളളവര്‍ പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തേണ്ടതാണ്.

symptoms of liver damage

നേരത്തെയുള്ള കണ്ടെത്തല്‍ കരളിനെ സംരക്ഷിക്കും

കരള്‍രോഗം ഭേദമാക്കാന്‍ കഴിയില്ല എന്നാണ് പൊതുവായിട്ടുള്ള ധാരണ. എന്നാല്‍ തുടക്കഘട്ടത്തിലുള്ള ഫാറ്റിലിവര്‍ രോഗവും നേരിയ ഫൈബ്രോസിസും പലപ്പോഴും ശരീരഭാരം നിയന്ത്രിക്കല്‍, വ്യായാമം, സമീകൃത ആഹാരം, കൃത്യമായ ചികിത്സ എന്നിവയിലൂടെ മെച്ചപ്പെടുത്താന്‍ കഴിയും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. വൈദ്യോപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :8 signs of liver damage that many people dismiss as trivial. Many issues that most people mistake for routine health problems can actually be warning signs of various diseases.

dot image
To advertise here,contact us
dot image