

ഫുട്‌ബോള്‍ ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സ്‌പെയിനെ നേരിടുമ്പോള്‍, മത്സരം തത്സമയം കാണാന്‍ അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ് സ്റ്റേഡിയത്തില്‍ എത്തില്ല. തന്റെ സാന്നിധ്യം ടീമിന് നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന കടുത്ത അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അദ്ദേഹം ഫൈനല്‍ മത്സരം നേരിട്ട് കാണേണ്ടതില്ലെന്ന് തീരുമാനിച്ചത്.
അര്‍ജന്റീനയില്‍ കായികരംഗത്തും രാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന 'മുഫാ' (നിര്‍ഭാഗ്യം കൊണ്ടുവരുന്നയാള്‍) എന്ന സങ്കല്‍പ്പത്തെ ഭയന്നാണ് പ്രസിഡന്റിന്റെ ഈ പിന്മാറ്റം. താന്‍ സ്റ്റേഡിയത്തില്‍ എത്തിയാല്‍ അത് ലയണല്‍ മെസ്സിക്കും സംഘത്തിനും കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അദ്ദേഹം യു.എസ്.എയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തിന് പോകാത്തത്.
കഴിഞ്ഞ 2022-ലെ ഖത്തര്‍ ലോകകപ്പ് ഫൈനല്‍ സമയത്തും അന്നത്തെ അര്‍ജന്റീന പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് സമാനമായ കാരണത്താല്‍ സ്റ്റേഡിയത്തില്‍ പോകാതെ വീട്ടിലിരുന്നാണ് കളി കണ്ടിരുന്നത്. അന്ന് അര്‍ജന്റീന കിരീടം ചൂടുകയും ചെയ്തു. അതേ ആചാരം പിന്തുടരാനാണ് ഹാവിയര്‍ മിലെയ്യും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ പോകുന്നതിന് പകരം രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ക്കൊപ്പം അര്‍ജന്റീനയിലിരുന്ന് ടെലിവിഷനിലൂടെ മത്സരം കാണാനാണ് അദ്ദേഹം താല്പര്യപ്പെടുന്നത്.
ജൂലൈ 19-ന് ന്യൂജേഴ്സിയിലാണ് ലോകം ഉറ്റുനോക്കുന്ന അര്‍ജന്റീന-സ്‌പെയിന്‍ മെഗാ ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തങ്ങളുടെ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍, ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ലക്ഷ്യമിട്ടാണ് സ്‌പെയിന്‍ വരുന്നത്.
content highlights: Argentine President to skip World Cup Final due to superstition