ഇനി സ്റ്റാര്‍ലിങ്കിന് ഒത്ത എതിരാളി; ജിയോ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിക്ക് ഇന്‍-സ്‌പേസിന്റെ അംഗീകാരം

നിലവില്‍ എല്‍ഇഒ ഉപഗ്രഹ വിപണിയില്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് 10,000ത്തിലധികം ഉപഗ്രഹങ്ങളുമായി ആധിപത്യം പുലര്‍ത്തുകയാണ്

ഇനി സ്റ്റാര്‍ലിങ്കിന് ഒത്ത എതിരാളി; ജിയോ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിക്ക് ഇന്‍-സ്‌പേസിന്റെ അംഗീകാരം
dot image

റിലയന്‍സ് ജിയോയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് (LEO) ഉപഗ്രഹങ്ങള്‍ വിന്യസിക്കാനുള്ള പദ്ധതിയ്ക്ക് ഇന്‍സ്‌പേസിന്റെ അംഗീകാരം ലഭിച്ചു. ഉപഗ്രഹ പദ്ധതി, സാങ്കേതികമായി മികച്ചതും സ്റ്റാര്‍ലിങ്ക് പോലുള്ള ആഗോള സംവിധാനങ്ങള്‍ക്ക് സമാനവുമാണെന്ന് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (IN-SPA-Ce) വിലയിരുത്തി. ഇന്‍-സ്‌പേസ്, ഐഎസ്ആര്‍ഓ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ വയര്‍ലെസ് പ്ലാനിംഗ് ആന്‍ഡ് കോര്‍ഡിനേഷന്‍ വിഭാഗം എന്നിവ ചേര്‍ന്നാണ് സാങ്കേതിക പരിശോധന നടത്തിയത്.

ഈ അംഗീകാരത്തോടെ അന്താരാഷ്ട്ര തലത്തില്‍ ഭ്രമണപഥ അവകാശങ്ങളും നേടുന്നതിന് കേന്ദ്ര സര്‍ക്കാരിന് ജിയോയെ പിന്തുണയ്ക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ വഴി ഓര്‍ബിറ്റല്‍ സ്ലോട്ടുകളും ഭ്രമണപഥ അവകാശങ്ങളും നേടുന്നതിനായി ജിയോ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു.

ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയുടെ ആദ്യ തദ്ദേശീയ ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ രൂപംകൊള്ളും. ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യങ്ങള്‍ക്കും ഇത് നിര്‍ണായകമായ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.

നിലവില്‍ എല്‍ഇഒ ഉപഗ്രഹ വിപണിയില്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് 10,000ത്തിലധികം ഉപഗ്രഹങ്ങളുമായി ആധിപത്യം പുലര്‍ത്തുകയാണ്. എന്നാല്‍, ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിദേശ ഉപഗ്രഹ സേവനങ്ങളിലുള്ള ആശ്രയം കുറയ്ക്കാന്‍ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ജിയോയുടെ പദ്ധതി ഇന്ത്യയ്ക്കായി ഇതുവരെ നിര്‍ദേശിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ശേഷിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലുടനീളം 4.5 മുതല്‍ 5 ടെറാബിറ്റ് പെര്‍ സെക്കന്‍ഡ് വരെ ഡാറ്റാ ശേഷി നല്‍കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

താരതമ്യേന, സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ 600 ഗിഗാബിറ്റ് പെര്‍ സെക്കന്‍ഡ് ശേഷിക്കാണ് അനുമതിയുള്ളത്. ആമസോണിന്റെ പ്രോജക്ട് കുയ്പര്‍ ഇന്ത്യയില്‍ 3 Tbps ശേഷി ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇതുവരെ ഇന്‍-സ്‌പേസിന്റെ അനുമതി ലഭിച്ചിട്ടില്ല. ഭാവിയില്‍ മറ്റൊരു ഇന്ത്യന്‍ സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ജിയോയുടെ ഭ്രമണപഥ രൂപകല്‍പ്പനയും സാങ്കേതിക സംവിധാനവും ഒരുക്കിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജിയോയുടെ പദ്ധതി പ്രകാരം ബ്രോഡ്ബാന്‍ഡ്, സെല്ലുലാര്‍ ബാക്ക്‌ഹോള്‍, ഡയറക്ട്-ടു-ഡിവൈസ് ഉള്‍പ്പെടെയുള്ള മൊബൈല്‍ സാറ്റലൈറ്റ് സേവനങ്ങള്‍ നല്‍കും. ഇതിനായി രാജ്യത്ത് 20 മുതല്‍ 22 വരെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു.

ജിയോയുടെ പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാനും വിദേശ കമ്പനികളിലുള്ള ആശ്രയം കുറയ്ക്കാനും കഴിയുമെന്ന് ഇന്‍-സ്‌പേസ്, സര്‍ക്കാരിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയുടെ ആദ്യ നോണ്‍-ജിയോസ്റ്റേഷനറി ഓര്‍ബിറ്റ് തദ്ദേശീയ ഉപഗ്രഹ ശൃംഖല യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നയപരവും നിയന്ത്രണപരവുമായ പിന്തുണ ജിയോയ്ക്ക് നല്‍കണമെന്ന നിലപാടിലാണ് റെഗുലേറ്റര്‍.

കൂടാതെ, ജിയോയുടെ ചില എല്‍ഇഒ ഉപഗ്രഹങ്ങളില്‍ രാജ്യത്തെ പ്രതിരോധ വകുപ്പിന് ആവശ്യമായ പേലോഡുകള്‍ ഉള്‍പ്പെടുത്താനാകുമോയെന്ന കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

Content Highlights: Reliance Jio's 1,600-LEO satellite constellation has received technical approval from IN-SPACe, paving the way for India's first homegrown satellite network with high-speed connectivity and strategic defence capabilities

dot image
To advertise here,contact us
dot image