ബഹ്റൈനിൽ ഭീകരസംഘടന രൂപീകരിച്ച കേസ്; വിചാരണ ഈ മാസം 12-ലേക്ക് മാറ്റി കോടതി

വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് വലിയ രീതിയിലുള്ള സുരക്ഷാ പ്രതിസന്ധികൾ സൃഷ്ടിക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന

ബഹ്റൈനിൽ ഭീകരസംഘടന രൂപീകരിച്ച കേസ്; വിചാരണ ഈ മാസം 12-ലേക്ക് മാറ്റി കോടതി
dot image

ബഹ്റൈനിൽ ഭീകരസംഘടന രൂപീകരിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്തെന്ന കേസിൽ പ്രതികളായ 19 പേരുടെ വിചാരണ ഹൈ ക്രിമിനൽ കോടതി ജൂലൈ 12-ലേക്ക് മാറ്റി. കേസിലെ കൂടുതൽ സുപ്രധാന രേഖകൾ പരിശോധിക്കുന്നതിനും വിശദമായ നിയമവാദങ്ങൾ കേൾക്കുന്നതിനുമാണ് വിചാരണ മാറ്റിവെക്കാൻ കോടതി ഉത്തരവിട്ടത്.

പബ്ലിക് പ്രോസിക്യൂട്ടറും ഭീകരവിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവിയും നൽകിയ വിവരമനുസരിച്ച്, അതീവ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഭീകരസംഘടന രൂപീകരിക്കൽ, രാജ്യത്തിന്റെ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കൽ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തൽ, ദേശീയ ഐക്യത്തിന് ഭീഷണി സൃഷ്ടിക്കൽ, 'വിലായത്ത് അൽ-ഫഖീഹ്' ആശയധാര പ്രചരിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതികൾ ഭീകരപ്രവർത്തനങ്ങൾക്കായി വൻതോതിൽ ധനസമാഹരണം നടത്തിയതായും രാജ്യത്ത് അട്ടിമറിശ്രമങ്ങൾക്ക് പ്രേരണ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതികളിൽ ചിലർ ബഹ്റൈന്റെ പരമാധികാരത്തിന് ഹാനിയുണ്ടാക്കാൻ അയൽരാജ്യമായ ഇറാനുമായും അവിടുത്തെ സൈനിക വിഭാഗമായ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായും അടുത്ത ബന്ധം പുലർത്തിയതായി സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്ത് വലിയ രീതിയിലുള്ള സുരക്ഷാ പ്രതിസന്ധികൾ സൃഷ്ടിക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

കേസിലെ ആകെ 19 പ്രതികളിൽ 11 പേർ നിലവിൽ സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. ബാക്കി എട്ട് പ്രതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ ഭീകരസംഘത്തിന്റെ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വലിയ തുക പണം, തീവ്ര ആശയങ്ങൾ അടങ്ങിയ പുസ്തകങ്ങൾ, പ്രത്യേക പ്രസിദ്ധീകരണങ്ങൾ, വിവിധ ഡിജിറ്റൽ രേഖകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിലെ തുടർനടപടികൾ ജൂലൈ 12-ന് കോടതി വീണ്ടും പരിഗണിക്കും.

Content Highlights: A Bahraini court has postponed the hearing in the case involving allegations of forming a terrorist organization until September 12. The adjournment allows the legal proceedings to continue on the next scheduled hearing date.

dot image
To advertise here,contact us
dot image