തുടർച്ചയായി നിയമലംഘനം നടന്നു; ഹൊറൈസൺ യൂണിവേഴ്‌സിറ്റി കോളേജിന്റെ അംഗീകാരം റദ്ദാക്കി യുഎഇ

പഠനം പ്രതിസന്ധിയിലാകുന്ന വിദ്യാർത്ഥികൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

തുടർച്ചയായി നിയമലംഘനം നടന്നു; ഹൊറൈസൺ  യൂണിവേഴ്‌സിറ്റി കോളേജിന്റെ അംഗീകാരം റദ്ദാക്കി യുഎഇ
dot image

യുഎഇയിലെ അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊറൈസൺ യൂണിവേഴ്‌സിറ്റി കോളേജിന്റെ സ്ഥാപന ലൈസൻസും കോഴ്‌സുകളുടെ അംഗീകാരവും ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം റദ്ദാക്കി. യുഎഇയുടെ വിദ്യാഭ്യാസ-അക്കാദമിക് ചട്ടങ്ങൾ തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ശക്തമായ നടപടി. കോളേജിന്റെ പ്രവർത്തനം വിദ്യാഭ്യാസ ഗുണനിലവാരം തകർക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങളെ ബാധിക്കുന്നതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം.

ലൈസൻസ് റദ്ദാക്കിയതോടെ ഹൊറൈസൺ യൂണിവേഴ്‌സിറ്റി കോളേജിന് ഇനിമുതൽ യുഎഇയിൽ യാതൊരുവിധ ഉന്നതവിദ്യാഭ്യാസ പ്രവർത്തനങ്ങളും നടത്താൻ അനുമതിയുണ്ടാകില്ല. അക്കാദമിക് ക്ലാസുകൾ നടത്തുക, പുതിയ കോഴ്‌സുകളുടെ പരസ്യം നൽകുക, പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുക, ബിരുദ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും വിതരണം ചെയ്യുക എന്നിവയെല്ലാം മന്ത്രാലയം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

അതേസമയം, കോളേജ് പൂട്ടുന്നത് വഴി പഠനം പ്രതിസന്ധിയിലാകുന്ന വിദ്യാർത്ഥികൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതെ തുടരുന്നതിനായി യുഎഇയിലെ മറ്റ് അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ പ്രാദേശിക വകുപ്പുകളുമായി ചേർന്നുകൊണ്ട് മന്ത്രാലയം വേഗത്തിലാക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് തങ്ങൾ പരമപ്രധാനമായ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി മന്ത്രാലയ പ്രതിനിധികളുടെയും കോളേജ് അധികൃതരുടെയും നേതൃത്വത്തിൽ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ അക്കാദമിക് അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ മാറ്റം സാധ്യമാക്കൂ. പുതിയ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. യുഎഇയിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും ആഗോള വിശ്വാസ്യതയും നിലനിർത്താൻ ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ, 2025 ഡിസംബറിലും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫുജൈറയിൽ പ്രവർത്തിച്ചിരുന്ന 'മിഡ്ഓഷ്യൻ യൂണിവേഴ്സിറ്റി'യുടെ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം മന്ത്രാലയം റദ്ദാക്കിയിരുന്നു. ഈ സ്ഥാപനം നൽകുന്ന ബിരുദങ്ങൾ യുഎഇയിൽ ജോലിക്കോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ സ്വീകരിക്കില്ലെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Content Highlights: UAE authorities have cancelled the accreditation of a prominent university college after finding repeated violations of academic and regulatory requirements. The decision reflects the country's efforts to uphold quality standards and ensure compliance in the higher education sector.

dot image
To advertise here,contact us
dot image