

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ മുഖ്യപ്രതി ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ജിതിന്‍ ഭാസ്‌കര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം. പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലാണ് പൊലീസിനെ സമീപിച്ചത്. വടകര റൂറല്‍ എസ്പി മെറിന്‍ ജോസഫിനാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ സാക്ഷികളെ ഭയപ്പെടുത്തിയെന്നും എസ്‌ഐടിയെ വെല്ലുവിളിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പത്ത് പേര്‍ക്കെങ്കിലും സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയെന്ന് തെളിയിക്കാനാകുമോ എന്ന് വെല്ലുവിളി ഉയർത്തിയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ താന്‍ 10 പേര്‍ക്കെങ്കിലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിന്‍ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണ് ഇത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം നേതൃത്വം ജയിലിന് പുറത്ത് ജിതിന് സ്വീകരണമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് റിപ്പോര്‍ട്ടര്‍ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിന്‍ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിന്‍ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
Content Highlights: In the Kafir screenshot case, the Youth Congress has lodged a complaint against Jithin Bhaskar, claiming that his actions amounted to a violation of the bail conditions imposed by the court.