

ബഹ്‌റൈൻ വിദ്യാഭ്യാസ, പരിശീലന ഗുണനിലവാര അതോറിറ്റി നടത്തിയ ഏറ്റവും പുതിയ വിദ്യാഭ്യാസ ഗുണനിലവാര അവലോകനത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിന് 'ഗുഡ്' റേറ്റിംഗ് ലഭിച്ചു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ളതും തുല്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സ്കൂൾ പുലർത്തുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്. ഈ നേട്ടത്തിന്റെ ഭാഗമായി ലഭിച്ച ബിക്യുഎ സിൽവർ മെമെന്റോയും സർട്ടിഫിക്കറ്റും പ്രിൻസിപ്പൽ വിആർ പളനിസ്വാമി, സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസിന് ഔദ്യോഗികമായി കൈമാറി.
സ്‌കൂളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ബിജു ജോർജ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല എന്നിവർ പങ്കെടുത്തു. കൂടാതെ ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ഇംഗ്ലീഷ് വിഭാഗം മേധാവി ജിടി മണി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും സന്നിഹിതരായിരുന്നു.
അവലോകന റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥികൾക്ക് അവരുടെ പൂർണ്ണമായ കഴിവുകൾ പുറത്തെടുക്കാൻ അനുയോജ്യമായ മികച്ചൊരു പഠന അന്തരീക്ഷം സൃഷ്ടിക്കാൻ ഇന്ത്യൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. സ്‌കൂൾ ഭരണസമിതി, ജീവനക്കാർ, മാതാപിതാക്കൾ എന്നിവരുടെ കൂട്ടായ ശ്രമങ്ങൾ സുസ്ഥിരമായ അക്കാദമിക വളർച്ചയ്ക്കും തുടർച്ചയായ പുരോഗതിക്കും കാരണമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനായി നേതൃത്വം നൽകിയ സ്കൂൾ അധികൃതരെ അവലോകന സമിതി പ്രത്യേകം പ്രശംസിച്ചു.
അക്കാദമിക് രംഗത്തിന് പുറമെ കായികം, കല എന്നിവയിലെ സ്കൂളിന്റെ മികച്ച നേട്ടങ്ങളും വിദ്യാഭ്യാസത്തോടുള്ള സമഗ്രമായ സമീപനത്തിന് തെളിവായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പതിവ് ക്ലാസ് റൂം പഠനത്തിന് പുറമെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പ്രത്യേക പിന്തുണാ പരിപാടികൾ അവരുടെ പ്രകടനത്തിൽ വലിയ ഗുണപരമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഈ മഹത്തായ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഭരണസമിതി, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ചടങ്ങിൽ സംസാരിച്ച അഡ്വ. ബിനു മണ്ണിൽ വറുഗീസ് നന്ദി അറിയിച്ചു. ഈ അവലോകനത്തിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി സ്കൂളിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി സമഗ്രമായ ഒരു കർമ്മപദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: An Indian school in Bahrain has secured a high rating in the latest evaluation conducted by the Bahrain Education Authority. The achievement reflects the institution's strong academic quality, effective teaching, and commitment to educational excellence.