ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ; ചുവപ്പിലും വെള്ളയിലും നിറഞ്ഞ് നാടും ന​ഗരവും

പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ, രക്തദാന ക്യാംപുകൾ, വിനോദ പരിപാടികൾ മത്സരങ്ങൾ എന്നിവ നടക്കും

ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ; ചുവപ്പിലും വെള്ളയിലും നിറഞ്ഞ് നാടും ന​ഗരവും
dot image

ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. രാജ്യമെങ്ങും സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികൾ തുടരുകയാണ്. ആഘോഷങ്ങളുടെ ഭാ​ഗമായി ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലർന്ന വർണങ്ങൾ കൊണ്ട് നഗരങ്ങളും തെരുവുകളും അലങ്കരിച്ചിട്ടുണ്ട്.

ഡിസംബർ 16നാണ് ബഹ്റൈന്റെ 54-ാമത് ദേശീയ ദിനം. ഇതിന്റെ ഭാ​ഗമായി നാടെങ്ങും ആഘോഷ ലഹരിയിലാണ്. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അധികാരമേറ്റതിൻറെ വാർഷിക ആഘോഷവും കൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം രാജ്യം കൊണ്ടാടുന്നത്. വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രകടനം നടക്കും. ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷത്തിൻറെ ഭാഗമാകും. ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 16, 17 തീയതികളിൽ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ, രക്തദാന ക്യാംപുകൾ, വിനോദ പരിപാടികൾ മത്സരങ്ങൾ എന്നിവ നടക്കും. ദേശീയ ദിനം പ്രമാണിച്ച് 896 തടവുകാർക്ക് രാജാവ് മാപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും ചെറിയ ഗൾഫ് രാജ്യമായ ബഹ്‌റൈൻ അന്താരാഷ്ട്ര തലത്തിൽ നിരവധി ബഹുമതികൾ ആണ് നിലവിൽ നേടിയിരിക്കുന്നത്. 1971ൽ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള രാജ്യത്തിന്റെ വളർച്ച അസൂയാവഹമാണ്. മിഡിൽ ഈസ്റ്റിൽ ആദ്യമായി പെട്രോൾ കണ്ടെത്തിയതിനെത്തുടർന്നു ഗൾഫിലെ ആദ്യത്തെ ട്രേഡിംഗ് സെന്ററെന്നാണ് ചരിത്രകാരന്മാർ ബഹ്‌റൈനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ കാലത്തു വീണ്ടും വൻതോതിൽ എണ്ണ, വാതക ശേഖരം കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ കാതലായ മാറ്റമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ബഹ്‌റൈൻ എക്കാലത്തും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും രാജ്യമായി നിലകൊള്ളുകയാണ്. മേഖലയിലെ സുരക്ഷ കേന്ദ്ര വിഷയമാക്കി സംഘടിപ്പിച്ച മനാമ ഡയലോഗ് ചിന്തകളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയായി. മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും പരിഹാര മാർഗങ്ങൾ ആരായാനും ഇതുവഴി സാധിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും രാജ്യത്തു തുല്യ അവകാശമാണുള്ളത്. യുവാക്കൾക്ക് സർക്കാർ മേഖലയിൽ വലിയ പ്രാതിനിധ്യമുണ്ട്. ന്യൂനപക്ഷങ്ങൾക്ക് ശുറാ കൗൺസിലിലും നയതന്ത്ര കമ്മീഷനുകളിലും സാമുഹ്യ സ്ഥാപനങ്ങളിലും സർക്കാരിതര സംഘടനകളിലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

തൊഴിലാളികൾ, സമൂഹം, ജീവനക്കാർ, മാധ്യമങ്ങൾ സമൂഹം എല്ലാവരുടെയും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുകയും മനുഷ്യാവകാശത്തിന്റേതായ അന്തരീക്ഷം രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, ടുറിസം, റിയൽ എസ്റ്റേറ്റ്, ബഹിരാകാശം, ബാങ്കിങ് തുടങ്ങി മേഖലകളിൽ വളർച്ച കൈവരിച്ച രാജ്യം ഇനി എണ്ണ ഉത്പാദനത്തിലും മുന്നോട്ടു വരികയാണ്. സ്വദേശികൾക്കൊപ്പം തന്നെ വിദേശികൾക്കും സമാന അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്ന നയങ്ങളാൽ, മലയാളികളടക്കമുള്ള വിദേശികൾ ബഹ്‌റൈനിനെ സ്വന്തം പോറ്റമ്മയെപ്പോലെയാണ് കണക്കാക്കുന്നുത്.

Content Highlights: Bahrain in full swing for National Day celebrations

dot image
To advertise here,contact us
dot image