സർക്കാർ സേവനങ്ങൾ എളുപ്പമാക്കുക ലക്ഷ്യം; മൈ​ഗവ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ബഹ്റൈൻ

സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൈഗവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ 14 പുതിയ സേവനങ്ങളാണ് പുതിയതായി ലഭ്യമാക്കിയിരിക്കുന്നത്

സർക്കാർ സേവനങ്ങൾ എളുപ്പമാക്കുക ലക്ഷ്യം; മൈ​ഗവ് ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി ബഹ്റൈൻ
dot image

ബഹ്‌റൈനില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടകീഴിലാക്കുക എന്ന ലക്ഷ്യത്തോടെ അവതിരിപ്പിച്ച മൈ ഗേവ് ആപ്പില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി പേഴ്‌സണല്‍ ബില്‍ പേമെന്റില്‍ ഒന്നിലധികം അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ഇനി ഒറ്റയടിക്ക് പേമെന്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൈഗവ് മൊബൈല്‍ ആപ്ലിക്കേഷനില്‍ 14 പുതിയ സേവനങ്ങളാണ് പുതിയതായി ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ അപ്‌ഡേറ്റ് എന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍മേഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് അലി ജനാഹി അറിയിച്ചു.

രാജ്യത്തെ പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആപ്പിന്റെ പങ്ക് ശക്തിപ്പെടുത്താനും നാഷണല്‍ പോര്‍ട്ടലിന് അനുബന്ധമായി പ്രവര്‍ത്തിക്കാനും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിപുലമായ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഫാഇല്‍ ഖൈര്‍' ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന ഫീച്ചറുകളും അപ്പില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നീതിന്യായ, ഇസ്‌ലാമിക കാര്യ, എന്‍ഡവ്‌മെന്റ് മന്ത്രാലയവുമായി സഹകരിച്ച് സകാത്ത്, സംഭാവന പേമെന്റുകള്‍, പള്ളികളുടെയും റമദാന്‍ മജ്‌ലിസുകളുടെയും ലൊക്കേഷനുകള്‍, പ്രാര്‍ത്ഥനാ സമയങ്ങള്‍ എന്നിവയും ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ രേഖകള്‍ കാണാനും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇതിലൂടെ കഴിയും. സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ച്, കായിക താരങ്ങള്‍ക്ക് അവരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും ആപ്പില്‍ സൗകര്യമുണ്ട്.

നിലവില്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലായി 6,40,000ല്‍ അധികം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ ഒമ്പത് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള 41 സേവനങ്ങളാണ് ആപ്പില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവണ്‍മെന്റ് സര്‍വിസസ് കോണ്‍ടാക്ട് സെന്ററിലെ ടോള്‍ ഫ്രീ നമ്പറിലൂടെ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു. തവാസുല്‍ പ്ലാറ്റ്‌ഫോമിലൂം ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: Bahrain adds 14 new eServices added to "MyGov app"

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us