

ബഹ്റൈനിൽ വിദേശികളായ കമ്പനി ഉടമകളും സ്പോൺസർഷിപ്പിലുള്ള തൊഴിലാളികളും ബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിനു പാർലിമെന്റ് അംഗീകാരം നൽകി. ഇത്തരം നിയമ സംവിധാനങ്ങൾ വിപണിയിൽ വിശ്വാസം വർദ്ധിപ്പിക്കാനും സംരംഭകത്വത്തെ പിന്തുണക്കാനും സഹായിക്കുമെന്നും എംപിമാർ പ്രതികരിച്ചു.
ബഹ്‌റൈനിൽ കഴിയുന്ന വിദേശികൾ സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുകയും നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും പ്രാദേശിക ബിസിനസുകൾക്ക് ദോഷം വരുത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. നിലവിൽ 85,000 വാണിജ്യ രജിസ്ട്രേഷനുകളിൽ 29,000 എണ്ണം പ്രവാസികളുടെ ഉടമസ്ഥതയിലാണുള്ളത്. മുൻകാലങ്ങളിൽ സ്വന്തമായി ബിസിനസ് നടത്തുന്നവരും മറ്റു വിസയിലുള്ള വിദേശീയരും ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, കെട്ടിട വാടകകൾ, അംഗീകൃത ഉടമ്പടികൾ സ്വകാര്യ കമ്പനികൾ എന്നിവർക്ക് നൽകാനുള്ള കടങ്ങൾ കാരണം വൻ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പാർലിമെന്റ് എംപിമാർ വിദേശ നിക്ഷേപകരും മറ്റ്-വിസ തൊഴിലാളികളും രാജ്യത്തെ ബാധ്യതകൾ തീർക്കാതെ സ്ഥിരമായി രാജ്യം വിടുന്നത് തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നിയമനിർദേശത്തിന് പാർലമെന്റിൽ നിർദേശം നൽകിയത്. ഇത്തരം പ്രവണത സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും വാണിജ്യ ഇടപാടുകളിലെ വിശ്വാസം കുറക്കുന്നതിനും കാരണമായിരുന്നു. പ്രാദേശിക വ്യാപാരികളും ചെറുകിട ഇടത്തരം സംരംഭങ്ങളുമാണ് പ്രത്യാഘാതം ഏൽക്കേണ്ടി വരുന്നത്. പ്രവാസി നിക്ഷേപകർക്ക് സ്വദേശികളെ പോലെ തന്നെ വാണിജ്യ, ബാങ്കിങ് ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും രാജ്യം വിടുന്നതിന് കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രമേ ഏർപെടുത്തിയിരുന്നുള്ളു.
ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ഫിനാൻഷ്യൽ ആൻഡ് എക്കണോമിക് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയർപേഴ്സൻ എംപി സൈനബ് അബ്ദുലാമിർ വ്യക്തമാക്കിയിരുന്നു. നിലവിൽ കടബാധ്യതയുള്ള വ്യക്തികൾ രാജ്യം വിടുന്നത് തടയാൻ ബഹ്റൈൻ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടങ്ങൾ നൽകുമ്പോൾ ജാമ്യങ്ങൾ ഏർപ്പെടുത്തുക, കോമേഴ്സ്യൽ രജിസ്ട്രേഷൻ നൽകുന്നതിന് മുമ്പുള്ള പരിശോധന നടപടികൾ ഊർജിതമാക്കുക, കരാർ ബാധ്യതകൾ നിറവേറ്റുന്നത് വരെ താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള സംവിധാനങ്ങൾ എന്നിവയാണ് നിർദ്ദേശിക്കപ്പെട്ട നിയമ സാധ്യതകൾ.
വിദേശ നിക്ഷേപകരെ നിരീക്ഷിക്കാൻ ശരിയായ നടപടിക്രമങ്ങൾ ആവശ്യമാണെന്നും ആവിശ്യം ഉയരുന്നുണ്ട്. ഇത്തരം നിയമ സംവിധാനങ്ങൾ വിപണിയിൽ വിശ്വാസം വർധിപ്പിക്കാനും സംരംഭകത്വത്തെ പിന്തുണക്കാനും സഹായിക്കുമെന്നും വിലയിരുത്തുന്നു. സമർപ്പിച്ച നിർദേശത്തിനു സർക്കാർ പാർലമെന്റിന് ഔദ്യോഗിക പ്രതികരണം നൽകിയതിന് ശേഷം തുടർ നടപടിക്കായി നിർദ്ദേശം ശൂറാ കൗൺസിലിന് കൈമാറും.
Content Highlights: Bahrain MPs back rules to prevent unpaid exits by foreign business owners