ലോകകപ്പ് യോഗ്യത; കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വേ, നെയ്മറിന് പരിക്ക്

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വേ ബ്രസീലിനെ കീഴടക്കിയത്
ലോകകപ്പ് യോഗ്യത; കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വേ, നെയ്മറിന് പരിക്ക്

ന്യൂയോര്‍ക്ക്: ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബ്രസീലിന് കനത്ത പരാജയം. ഉറുഗ്വേയുടെ ഹോം സ്‌റ്റേഡിയമായ എസ്റ്റാഡിയോ സെന്റിനാരിയോയില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വേയാണ് ബ്രസീലിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. സൗത്ത് അമേരിക്ക യോഗ്യതാ മത്സരങ്ങളില്‍ 2015 നു ശേഷമുള്ള ബ്രസീല്‍ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ അവസരങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ഉറുഗ്വേ ലീഡ് നേടി. സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നൂനസാണ് ബ്രസീലിയന്‍ വല കുലുക്കിയത്. ഗോള്‍ വീണതിന് തൊട്ടു പിന്നാലെ സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്ത് പോയി. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഉറുഗ്വേയുടെ മധ്യനിര താരം നിക്കോളാസ് ഡി ലാ ക്രൂസുമായി കൂട്ടിയിടിച്ചാണ് നെയ്മര്‍ നിലത്ത് വീണത്.

നെയ്മറിനെ സ്ട്രച്ചറില്‍ കൊണ്ടുപോവുകയും പകരം റിച്ചാര്‍ലിസണെ ഇറക്കുകയും ചെയ്തു. നെയ്മറിന്റെ അഭാവത്തില്‍ ബ്രസീലിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ലായിരുന്നു. പിന്നാലെ രണ്ടാം പകുതി മത്സരത്തിന്റെ നിയന്ത്രണം ഉറുഗ്വേ ഏറ്റെടുത്തു. 77-ാം മിനിറ്റില്‍ നിക്കോളാസ് ഡി ലാ ക്രൂസ് ഉറുഗ്വേയുടെ ലീഡ് ഇരട്ടിയാക്കി. ബ്രസീലിയന്‍ ഡിഫെന്‍ഡര്‍മാര്‍ക്കിടയില്‍ നിന്നും ഡാര്‍വിന്‍ ന്യൂനെസ് കൊടുത്ത പാസില്‍ നിന്നാണ് രണ്ടാം ഗോള്‍ പിറന്നത്. വിജയത്തോടെ ഉറുഗ്വേ ബ്രസീലിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റാണ് ഉറുഗ്വേയ്ക്ക് ഉള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com